Wednesday, January 22, 2025

ആയുധങ്ങൾ നിശ്ശബ്ദമാകട്ടെ, ശാശ്വതസമാധാനം സംജാതമാകട്ടെ: ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ

ക്രിസ്തുമസ് ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് ‘റോമാ നഗരത്തിനും ലോകത്തിനും’ എന്ന് അർഥം വരുന്ന ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശവും ആശീര്‍വാദവും നൽകി ഫ്രാൻസിസ് മാർപാപ്പ. ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശം നൽകുന്നതിന് പാപ്പ എത്തിയപ്പോൾ വത്തിക്കാന്റെയും ഇറ്റലിയുടെയും ദേശീയഗാനങ്ങൾ ബാന്റ് സംഘം വായിച്ചു.

ഫ്രാൻസിസ് പാപ്പയുടെ ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശത്തിന്റെ പൂർണ്ണരൂപം

വിസ്മയിപ്പിക്കുന്ന മനുഷ്യാവതാര രഹസ്യം

പ്രിയ സഹോദരീസഹോദരന്മാരേ, തിരുപ്പിറവിത്തിരുനാൾ ആശംസകൾ!

നമ്മെ വിസ്മയം കൊള്ളിക്കുകയും വികാരഭരിതരാക്കുകയും ചെയ്യുന്നതിന് ഒരിക്കലും വിരാമമിടാത്ത രഹസ്യം ഈ നിശയിൽ നവീകൃതമായി. കന്യാമറിയം ദൈവപുത്രനായ യേശുവിന് ജന്മമേകി, അവനെ തുണിയിൽ പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി. ‘ദൈവത്തിനു മഹത്വവും മനുഷ്യർക്ക് സമാധാനവും’ എന്ന് ദൈവദൂതർ പാടവെ, സന്തോഷത്താൽ നിറഞ്ഞ ബെത്ലഹേമിലെ ഇടയന്മാർ അവനെ കണ്ടത്തെിയത് ഇങ്ങനെ ആയിരുന്നു (ലൂക്കാ 2: 6-14) മനുഷ്യർക്ക് സമാധാനം.

ഞാൻ നിന്നെ സ്നേഹിക്കുന്നു – എന്നിലേക്കു തിരികെവരിക

അതെ, രണ്ടായിരത്തിലധികം വർഷങ്ങൾക്കുമുമ്പ് നടന്ന ഈ സംഭവം മറിയത്തിന്റെ ഉദരത്തെ ഫലമണിയിക്കുകയും അവളുടെ മനുഷ്യമാംസത്തിൽനിന്ന് യേശുവിനെ രൂപപ്പെടുത്തുകയും ചെയ്ത അതേ സ്നേഹത്തിന്റെയും ജീവന്റെയും ആത്മാവായ പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തിലൂടെ നവീകരിക്കപ്പെടുന്നു. അങ്ങനെ ഇന്ന്, നമ്മുടെ ഇക്കാലത്തിന്റെ ഈറ്റുനോവിൽ രക്ഷാകര നിത്യവചനം വീണ്ടും യഥാർഥത്തിൽ അവതരിച്ചു. അത് സകല സ്ത്രീപുരുഷന്മാരോടും ലോകം മുഴുവനോടും പറയുന്നു: “ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നോട് ക്ഷമിക്കുന്നു. എന്നിലേക്ക് മടങ്ങുക. എന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു.”

തുറന്നുകിടക്കുന്ന വാതിൽ

സഹോദരീസഹോദരന്മാരേ, ദൈവത്തിന്റെ ഹൃദയകവാടം സദാ തുറന്നുകിടക്കുന്നു. നമുക്ക് അവനിലേക്കു മടങ്ങാം. നമ്മെ സ്നേഹിക്കുകയും നമ്മോടു പൊറുക്കുകയും ചെയ്യുന്ന ഹൃദയത്തിലേക്ക് നമുക്ക് മടങ്ങാം. അവനാൽ ക്ഷമിക്കപ്പെടാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. നമുക്ക് അവനുമായി അനുരഞ്ജിതരാകാം. ദൈവം സദാ ക്ഷമിക്കുന്നു. സകലതും പൊറുക്കുന്നു. അവിടുന്നിനാൽ ക്ഷമിക്കപ്പെടുന്നതിന് നമുക്ക് നമ്മെ വിട്ടുകൊടുക്കാം.

ഇടയനും വാതിലും നമുക്ക് ആവശ്യം

ഇന്നലെ വൈകുന്നേരം ഇവിടെ വി. പത്രോസിന്റെ ബസിലിക്കയിൽ ഞാൻ തുറന്ന ജൂബിലിയുടെ വിശുദ്ധവാതിൽ എന്നാണ് ഇതിന്റെ വിവക്ഷ: അത് യേശുവിനെ പ്രതിനിധാനം ചെയ്യുന്നു. എല്ലാവർക്കുമായി തുറന്നിരിക്കുന്ന രക്ഷയുടെ വാതിൽ. കരുണാമയനായ പിതാവ് ലോകമധ്യത്തിൽ, ചരിത്രത്തിന്റെ മധ്യത്തിൽ തുറന്നിട്ടിരിക്കുന്ന വാതിലാണ് യേശു. അത് നമുക്കെല്ലാവർക്കും അവന്റെ പക്കൽ തിരികെയെത്താൻ കഴിയുന്നതിനുവേണ്ടിയാണ്. നാമെല്ലാവരും നഷ്ടപ്പെട്ട ആടുകളെപ്പോലെയാണ്. പിതാവിന്റെ ഭവനത്തിൽ തിരിച്ചെത്തുന്നതിന് നമുക്ക് ഒരു ഇടയനും വാതിലും ആവശ്യമാണ്. യേശുവാണ് ഇടയൻ, യേശുവാണ് വാതിൽ.

പേടിക്കേണ്ട, ദൈവത്തിന്റെ കാരുണ്യത്തിന് സകലവും സാധ്യമാണ് 

സഹോദരീസഹോദരന്മാരേ, ഭയങ്ങൾ വേണ്ടാ. വാതിൽ തുറന്നിരിക്കുന്നു. അത് മലർക്കെ തുറന്നിരിക്കുന്നു. വതിലിൽ മുട്ടേണ്ട ആവശ്യമില്ല. അത്  തുറന്നുകിടക്കുന്നു. വരൂ, ദൈവവുമായി നമുക്ക് അനുരഞ്ജിതരാകാം. അപ്പോൾ നാം നമ്മോടുതന്നെ രമ്യതപ്പെടും. നമുക്കു പരസ്പരം അനുരഞ്ജനപ്പെടാൻ സാധിക്കും; നമ്മുടെ ശത്രുക്കളുമായിപോലും. അതെ, ദൈവത്തിന്റെ കരുണയ്ക്ക് എല്ലാം സാധ്യമാണ്, എല്ലാ കെട്ടുകളും അഴിക്കുന്നു, വിഭജനത്തിന്റെ എല്ലാ മതിലുകളും തകർക്കുന്നു. ദൈവികകാരുണ്യം വിദ്വേഷവും പ്രതികാര മനോഭാവവും ഇല്ലാതാക്കുന്നു. വരൂ, യേശുവാണ് സമാധാനത്തിന്റെ വാതിൽ.

ധൈര്യമുള്ളവരാകുക

പലപ്പോഴും നമ്മൾ ഉമ്മറപ്പടിയിൽ നിന്നുപോകുന്നു. അതിനപ്പുറം പോകാനുള്ള ധൈര്യം നമുക്കില്ല. കാരണം, അത് നമ്മെ ആത്മശോധനയ്ക്ക് ആഹ്വാനം ചെയ്യുന്നു. വാതിലിലൂടെ പ്രവേശിക്കണമെങ്കിൽ, ഒരു ചുവടുവയ്ക്കുന്നതിന്, തർക്കങ്ങളും ഭിന്നതകളും ഉപേക്ഷിക്കുന്നതിന്, സമാധാനരാജനായ ഉണ്ണിയേശുവിന്റെ തുറന്ന കരങ്ങളിൽ സ്വയം സമർപ്പിക്കുന്നതിനുള്ള ത്യാഗം ആവശ്യമാണ്. ചെറിയ ത്യാഗം. മഹത്തായ ഒരു കാര്യത്തിനായി ഒരു ചുവടുവയ്ക്കുക. വാതിൽ കടക്കാനും, പ്രത്യാശയുടെ തീർഥാടകരാകാനും ആയുധങ്ങളെ നിശ്ശബ്ദമാക്കാനും ഭിന്നതകളെ അതിജീവിക്കാനും ധൈര്യം കാണിക്കാൻ, ജൂബിലിവർഷത്തിന്റെ തുടക്കമായ ഈ തിരുപ്പിറവിത്തിരുനാൾ വേളയിൽ ഓരോ വ്യക്തിയെയും ഓരോ ജനതയെയും രാജ്യത്തെയും ഞാൻ ക്ഷണിക്കുന്നു.

ആയുധങ്ങൾ നിശ്ശബ്ദമാകട്ടെ

പീഡിത ഉക്രെയ്നിൽ ആയുധങ്ങൾ നിശ്ശബ്ദമാകട്ടെ. ന്യായവും ശാശ്വതവുമായ ഒരു സമാധാനത്തിൽ എത്തിച്ചേരുന്നതിന് ചർച്ചകൾക്കും സംഭാഷണങ്ങളുടെയും കൂടിക്കാഴ്ചകളുടെയും പ്രക്രിയകൾക്കും വാതിൽ തുറക്കാനുള്ള ധൈര്യം നമുക്കുണ്ടാകട്ടെ.

മധ്യപൂർവദേശത്ത് ആയുധങ്ങൾ നിശ്ശബ്ദമാക്കട്ടെ. ബെത്‌ലഹേമിലെ തൊട്ടിലിൽ ദൃഷ്ടിയൂന്നിക്കൊണ്ട് ഞാൻ എന്റെ ചിന്തകൾ പലസ്തീനിലെ ക്രൈസ്തവരെ, ഇസ്രായേലിലെ ക്രൈസ്തവസമൂഹങ്ങളോട്, പ്രത്യേകിച്ച് മാനുഷികമായ സാഹചര്യം വളരെ ഗുരുതരാവസ്ഥയിലായിരിക്കുന്ന ഗാസയിലെ ക്രൈസ്തവസമൂഹങ്ങളോട് പങ്കുവയ്ക്കുന്നു. വെടിവയ്പ്പ് അവസാനിപ്പിക്കൂ. ബന്ദികളെ വിട്ടയയ്ക്കുകയും പട്ടിണിയും യുദ്ധവുംമൂലം തളർന്നിരിക്കുന്ന ജനങ്ങളെ സഹായിക്കുകയും ചെയ്യുക. ലെബനനിലെ, പ്രത്യേകിച്ച് തെക്കുഭാഗത്തെ ക്രൈസ്തവരുടെയും ഇത്രയും അതിലോലമായ വേളയിൽ സിറിയയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെയും ചാരെ ഞാനുണ്ട്. സംഘർഷങ്ങളാൽ പിച്ചിച്ചീന്തപ്പെട്ട മേഖലയിലൽ അഖിലം സംവാദത്തിന്റെയും സമാധാനത്തിന്റെയും വാതിലുകൾ തുറക്കപ്പെടട്ടെ. ഇവിടെ ഞാൻ ലിബിയൻ ജനതയെയും ഓർക്കാൻ ആഗ്രഹിക്കുന്നു. ദേശീയ അനുരഞ്ജനത്തിന് ഉതകുന്ന പരിഹാരങ്ങൾ തേടാൻ അവർക്ക് പ്രചോദനം പകരുന്നു.

ദുരിതമനുഭവിക്കുന്ന ആഫ്രിക്കൻ നാടുകൾ

കോംഗോ പ്രജാധിപത്യ റിപ്പബ്ലിക്കിൽ അഞ്ചാംപനി ബാധിച്ചു മരിക്കുന്ന ആയിരക്കണക്കിനു കുട്ടികളുടെ കുടുംബങ്ങൾക്കും ആ രാജ്യത്തിന്റെ കിഴക്കുഭാഗത്തെ ജനങ്ങൾക്കും ബുർക്കിന ഫാസൊ, മാലി, നൈജർ, മൊസാംബിക് എന്നിവിടങ്ങളിലെ ജനങ്ങൾക്കും രക്ഷകന്റെ ജനനം പ്രത്യാശയുടെ ഒരു കാലം പ്രദാനം ചെയ്യട്ടെ. ഈ നാടുകളെ ആഘാതമേൽപിക്കുന്ന മാനവികപ്രതിസന്ധി പ്രധാനമായും സായുധസംഘർഷങ്ങളുടെയും തീവ്രവാദമെന്ന മഹാമാരിയുടെയും ഫലമാണ്. ഈ പ്രതിസന്ധി കാലാവസ്ഥാവ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളാൽ വഷളാകുന്നു. ഇത് മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നതിനും ദശലക്ഷക്കണക്കിന് ആളുകളുടെ കുടിയിറക്കത്തിനും കാരണമാകുന്നു.

ആഫ്രിക്കയിലെ കൊമ്പുരാഷ്ട്രങ്ങളെയും ഞാൻ അനുസ്മരിക്കുന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ദാനങ്ങൾ ആ നാടുകൾക്കായി ഞാൻ യാചിക്കുന്നു. സുഡാനിലെ പൗരജനത്തിന് മാനവികസഹായം ലഭ്യമാക്കുന്നതിനും വെടിനിർത്തൽ ലക്ഷ്യമിട്ട് പുതിയ ചർച്ചകൾ ആരംഭിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിബദ്ധതയെ അത്യുന്നതന്റെ പുത്രൻ പിന്തുണയ്ക്കട്ടെ.

മ്യന്മാറിലെയും അമേരിക്കൻ ഭൂഖണ്ഡത്തിലെയും ജനങ്ങൾക്കായി

തുടർച്ചയായ സായുധസംഘർഷങ്ങളാൽ കടുത്ത ദുരിതങ്ങളനുഭവിക്കുകയും സ്വഭവനങ്ങളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്യുന്ന മ്യാന്മാർ നിവാസികൾക്ക് തിരുപ്പിറവിയുടെ വിളംബരം സാന്ത്വനം പകരട്ടെ. പ്രത്യേകിച്ച് ഹെയ്തി, വെനെസ്വേല, കൊളംബിയ, നിക്കരാഗ്വ എന്നിവിടങ്ങളിൽ സാമൂഹിക സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനായി സത്യത്തിലും നീതിയിലും ഫലപ്രദമായ പരിഹാരങ്ങൾ എത്രയുംവേഗം കണ്ടെത്തുന്നതിനും പ്രത്യേകിച്ച് ഈ ജൂബിലിവർഷത്തിൽ രാഷ്ട്രീയഭിന്നതകളെ അതിജീവിച്ച് പൊതുനന്മ കെട്ടിപ്പടുക്കുന്നതിനും ഓരോ വ്യക്തിയുടെയും അന്തസ്സ് വീണ്ടും കണ്ടെത്തുന്നതിനുംവേണ്ടി പ്രവർത്തിക്കാൻ അമേരിക്കൻ ഭൂഖണ്ഡത്തിലെ രാഷ്ട്രീയ അധികാരികൾക്കും സന്മനസ്സുള്ള സകലർക്കും ഉണ്ണിയേശു പ്രചോദനം പകരട്ടെ.

ജൂബിലി വിഭജനമതിലുകളെ തകർക്കട്ടെ

വിഭജനത്തിന്റെ എല്ലാ മതിലുകളും തകർക്കാനുള്ള ഒരു അവസരമാകട്ടെ ജൂബിലി. അതായത്, രാഷ്ട്രീയജീവിതത്തെ പലപ്പോഴും അടയാളപ്പെടുത്തുന്ന പ്രത്യയശാസ്ത്രപരങ്ങളും 50 വർഷമായി സൈപ്രസ് ദ്വീപിനെ ബാധിച്ചിരിക്കുന്നതും അന്നാടിന്റെ മാനുഷകിവും സാമൂഹ്യവുമായ ഘടനയെ പിച്ചിച്ചീന്തിയതുമായ വിഭജനം പോലുള്ള ഭൗതികവുമായവ. സൈപ്രസുകാരുടെ എല്ലാ സമൂഹങ്ങളുടെയും അവകാശങ്ങളോടും അന്തസ്സിനോടുമുള്ള പൂർണ്ണമായ ബഹുമാനത്തോടെ വിഭജനം ഇല്ലാതാക്കുന്ന എല്ലാവർക്കും യോജിപ്പുള്ള ഒരു പരിഹാരത്തിൽ എത്തിച്ചേരാനാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.

മലർക്കെ തുറന്നുകിടക്കുന്ന വാതിൽ

നമ്മുടെ അസ്തിത്വത്തിന്റെ പൊരുളും ഓരോ ജീവന്റെയും പവിത്രതയും വീണ്ടും കണ്ടെത്തുന്നതിനും മാനവകുടുംബത്തിന്റെ മൗലികമൂല്യങ്ങൾ വീണ്ടെടുക്കുന്നതിനുംവേണ്ടി കടക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്ന മലർക്കെ തുറന്ന വാതിലാണ് മനുഷ്യനായിത്തീർന്ന നിത്യവചനമായ യേശു. ഉമ്മറപ്പടിയിൽ അവൻ നമ്മെ കാത്തിരിക്കുന്നു. അവൻ നമ്മെ ഓരോരുത്തരെയും കാത്തിരിക്കുന്നു, പ്രത്യേകിച്ച് ഏറ്റവും ദുർബലരെ. കുട്ടികളെ കാത്തിരിക്കുന്നു, യുദ്ധവും പട്ടിണിയും അനുഭവിക്കുന്ന എല്ലാ കുട്ടികളും. പലപ്പോഴും ഏകാന്തതയുടെയും പരിത്യക്തതയുടെയും സാഹചര്യങ്ങളിൽ ജീവിക്കാൻ നിർബന്ധിതരാകുന്ന പ്രായം ചെന്നവരെ കാത്തിരിക്കുന്നു, സ്വഭവനം നഷ്ടപ്പെട്ടവരോ, സുരക്ഷിതമായ അഭയം കണ്ടെത്തുന്നതിനായി സ്വന്തം മണ്ണിൽനിന്ന് പലായനം ചെയ്യുന്നവരോ ആയവരെ കാത്തിരിക്കുന്നു, ജോലി നഷ്ടപ്പെട്ടവരെ അല്ലെങ്കിൽ തൊഴിൽ കണ്ടെത്താൻ കഴിയാത്തവരെ കാത്തിരിക്കുന്നു. എല്ലാറ്റിനുമുപരി, എന്തൊക്കെത്തന്നെ ആയാലും എന്നും ദൈവത്തിന്റെ മക്കളായിരിക്കുന്ന തടവുകാരെ കാത്തിരിക്കുന്നു, സ്വന്തം വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവരെ കാത്തിരിക്കുന്നു. അവർ നിരവധിയാണ്.

നന്ദിയോടെ

ഈ ആഘോഷദിനത്തിൽ, നിശ്ശബ്ദമായും വിശ്വസ്തതയോടെയും നന്മ ചെയ്യുന്നതിന് പരമാവധി പരിശ്രമിക്കുന്നവരോട് നമുക്ക് നന്ദി പ്രകാശിപ്പിക്കാം. ഭാവിതലമുറയെ പരിശീലിപ്പിക്കാനുള്ള വലിയ ഉത്തരവാദിത്വമുള്ള മാതാപിതാക്കളെയും പരിശീലകരെയും അധ്യാപകരെയുംകുറിച്ച് ഞാൻ ചിന്തിക്കുന്നു. ആരോഗ്യപ്രവർത്തകരെയും ക്രമസമാധാന പാലകരെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള പ്രേഷിതരെയും പ്രയാസമനുഭവിക്കുന്ന അനേകം ആളുകൾക്ക് വെളിച്ചവും സാന്ത്വനവും നൽകുന്നവരെയും ഞാൻ ഓർക്കുന്നു. എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു – നന്ദി.

കടങ്ങൾ പൊറുക്കാനുള്ള വർഷം

സഹോദരീസഹോദരന്മാരേ, ജൂബിലി കടങ്ങൾ മോചിക്കാനുള്ള അവസരമാകട്ടെ. പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങൾക്ക് ഭാരമായവ. തങ്ങൾക്കേറ്റ ദ്രോഹങ്ങൾ പൊറുക്കാൻ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു, എന്തെന്നാൽ, രാത്രിയുടെ തണുപ്പിലും ഇരുട്ടിലും ജനിച്ച ദൈവപുത്രൻ നമ്മുടെ എല്ലാ കടങ്ങളും ക്ഷമിക്കുന്നു. നമ്മെ സുഖപ്പെടുത്താനും ക്ഷമിക്കാനുമാണ് അവൻ വന്നത്. പ്രത്യാശയുടെ തീർത്ഥാടകരെ, നമുക്ക് അവനെ കാണാൻ പോകാം. തന്റെ ഹൃദയത്തിന്റെ വാതിൽ അവൻ നമുക്കായി മലർക്കെ തുറന്നതുപോലെ നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ നമുക്ക് അവന് തുറന്നുകൊടുക്കാം. എല്ലാവർക്കും സമാധാനപൂർണ്ണമായ വിശുദ്ധ തിരുപ്പിറവിത്തിരുനാൾ ആശംസിക്കുന്നു.

ഈ വാക്കുകളില്‍ ‘ഊര്‍ബി ഏത്ത് ഓര്‍ബി’ സന്ദേശം ഉപസംഹരിച്ച പാപ്പ തുടര്‍ന്ന് കര്‍ത്താവിന്റെ മാലാഖ എന്ന് ആരംഭിക്കുന്ന ത്രികാലപ്രാര്‍ഥന നയിച്ചു. തദനന്തരം ഫ്രാന്‍സിസ് പാപ്പ ‘ഊര്‍ബി ഏത്ത് ഓര്‍ബി’ ആശീര്‍വാദം നല്‍കാന്‍ പോകുകയാണെന്നും സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം അത് നേരിട്ടോ, സാമൂഹ്യ വിനിമയോപാധികളിലൂടെയോ സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്നും പ്രോട്ടൊഡീക്കൻ കർദിനാൾ ഡൊമിനിക് മമ്പേർത്തി അറിയച്ചതിനെ തുടര്‍ന്ന് ആശീര്‍വാദം നൽകപ്പെട്ടു. ആശീര്‍വാദനാന്തരം, പാപ്പ കൈകൾ വീശി എല്ലാവരെയും അഭിവാദ്യം ചെയ്തതിനുശേഷം വി. പത്രോസിന്റെ ബസിലിക്കയുടെ മുകളിൽനിന്ന് പിന്‍വാങ്ങി.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News