സാമ്പത്തിക പ്രതിസന്ധിയാല്‍ വലയുന്ന രാജ്യത്ത് പെട്രോള്‍ സ്റ്റോക്കും തീര്‍ന്നതായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി, റനില്‍ വിക്രമസിംഗെ പറഞ്ഞു.
മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ ഇറക്കുമതികള്‍ക്കായി അടുത്ത കുറച്ച് ദിവസങ്ങളില്‍ രാജ്യത്തിന് 75 മില്യണ്‍ ഡോളര്‍ വിദേശനാണ്യം നേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”നമുക്ക് പെട്രോള്‍ തീര്‍ന്നു. ഇനി നമുക്ക് ഒരു ദിവസത്തേക്കുള്ള പെട്രോള്‍ സ്റ്റോക്കുകള്‍ മാത്രമേ ഉള്ളൂ’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപ്പലുകള്‍ തങ്ങളുടെ ചരക്കുകള്‍ ഇറക്കുന്നതിന് മുമ്പ് പേയ്മെന്റിനായി കൊളംബോ തുറമുഖത്തിന് പുറത്ത് കാത്തുനില്‍ക്കുകയാണെന്നും പക്ഷേ മൂന്ന് ഷിപ്പ്മെന്റ് ഓയിലുകള്‍ക്ക് നല്‍കാനുള്ളത്ര ഡോളര്‍ സമാഹരിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയക്കാര്‍ തുടര്‍ച്ചയായി നല്കിക്കൊണ്ടിരുന്ന ഉറപ്പിലാണ് ഇതുവരെ ജനം കഴിഞ്ഞിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇത്രത്തോളം മോശമാണെന്ന ചിത്രം സമീപകാലത്താണ് അവര്‍ മനസിലാക്കിത്തുടങ്ങിയത്. വരാനിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് സൂചന നല്‍കിയെങ്കിലും രണ്ടു മാസം ക്ഷമയോടെ കാത്തിരിക്കണമെന്നാണ് പുതിയ പ്രധാനമന്ത്രി ജനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മെയ് മാസത്തില്‍ 1.4 ദശലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിന് പണമില്ലാതായതിനാല്‍ അവസാന ആശ്രയമായി താന്‍ പണം അച്ചടിക്കുമെന്ന് പ്രധാനമന്തി പറഞ്ഞു. ഇന്ധന-വൈദ്യുതി നിരക്കുകള്‍ ഗണ്യമായി ഉയര്‍ത്തുമെന്നും നഷ്ടം കുറയ്ക്കാന്‍ നഷ്ടത്തിലായ ദേശീയ വിമാനക്കമ്പനിയെ വില്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വരാനിരിക്കുന്ന മാസങ്ങള്‍ ഈ രാജ്യം ഇതുവരെ കടന്നുപോയിട്ടില്ലാത്ത ഏറ്റവും കഠിനമായ മാസങ്ങളായിരിക്കുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമായും അവിടുത്തെ ജനജീവിതത്തിന്റെ എല്ലാ ഘടകങ്ങളെയും ബാധിക്കുന്നുണ്ട്. വ്യാവസായിക മേഖലയെയും നിര്‍മ്മാണ മേഖലയെയും മാത്രമല്ല, ദൈനംദിന ജീവിതത്തെയും, സ്കൂളില്‍ പോകുന്ന കുട്ടികളെപ്പോലും മോശമായി ബാധിക്കുന്നുണ്ട്.
തലസ്ഥാനത്ത്, പെട്രോള്‍ സ്റ്റേഷനുകളില്‍ ഇന്ധനത്തിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. ആറുമണിക്കൂര്‍ വരെ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ചിലപ്പോള്‍ ക്യൂവില്‍ മുന്നിലെത്തുമ്പോള്‍ പെട്രോള്‍ തീരുന്ന അവസ്ഥയുമുണ്ടാകും. 1948-ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷം സമാനതകളില്ലാത്ത പ്രതിസന്ധിയുടെ നടുവിലാണ് ശ്രീലങ്കയിപ്പോള്‍. വിദേശനാണ്യ ദൗര്‍ലഭ്യം രൂക്ഷമായ പണപ്പെരുപ്പത്തിനും മരുന്ന്, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ക്ഷാമത്തിനും കാരണമായി.