പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് റിപ്പോർട്ട്. മിഡിൽ ക്ലാസ് വിഭാഗത്തിന് ആശ്വാസവും സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ വെളിപ്പെടുത്തി.
ഫെബ്രുവരിയിലെ ബജറ്റിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നും റോയിട്ടേഴ്സ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ബജറ്റിൽ പുതിയ സ്കീമിൽ അടിസ്ഥാന നികുതിയിളവ് പരിധി മൂന്നുലക്ഷത്തിൽ തന്നെ നിലനിർത്തുകയുമാണ് ചെയ്തത്. മൂന്നു മുതൽ ആറു ലക്ഷം വരെയുള്ള സ്ലാബിന്റെ പരിധി ഒരു ലക്ഷം എന്നത് ഉയർത്തി ഏഴ് ലക്ഷമാക്കി നികുതി അഞ്ച് ശതമാനത്തിൽ നിലനിർത്തുകയും പിന്നീട് ചെയ്തു. തുടർന്നുള്ള സ്ളാബുകളിൽ മാറ്റം കൊണ്ടുവന്നിരുന്നു.
ഓരോ പ്രാവശ്യം നികുതി പരിഷ്കരിക്കുമ്പോഴും സർക്കാരിന്റെ ലാഭം മാത്രമേ കണക്കാക്കുന്നുള്ളൂ എന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ ഈ വിമർശനം ഒഴിവാക്കുന്നതിനും മിഡിൽ ക്ലാസ് വിഭാഗത്തിന്റെ കൈകളിലെ പണം സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനുമാണ് പുതിയ പരിഷ്കരണം എന്നാണ് റിപ്പോർട്ട്.