ഒരു ചായയ്ക്ക് ആയിരങ്ങൾ വിലയോ? കേൾക്കുമ്പോൾ നമ്മുടെ കണ്ണ് തള്ളാം. എന്നാൽ, തായ്‌വാനിലെ ഒരു പ്രത്യേക തരം ചായയ്ക്ക് പതിനായിരങ്ങളാണ് വില. ‘ബഗ് ബിറ്റൺ ഊലോംഗ് ടീ’ എന്നും ‘ഡോങ് ഡിംഗ് ഊലോംഗ്’ എന്നുമെല്ലാം അറിയപ്പെടുന്ന ഈ ചായയ്ക്കാണ് ഇത്രയധികം വില വരുന്നത്. എന്നാൽ ഈ ചായ ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയുമ്പോഴാണ് രസം. ജാക്കോബിയാസ്ക ഫോർമോസാന അല്ലെങ്കിൽ ടീ ജാസിഡുകൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേകതരം പ്രാണികൾ കഴിച്ചതിന്റെ ബാക്കി ഇലകളിൽനിന്നാണ് ഈ ചായയ്ക്കുള്ള പൊടി തയ്യാറാക്കുന്നത്.
തായ്‌വാനിലെ ഏറ്റവും വലിയ തേയില ഉൽപാദിപ്പിക്കുന്ന പ്രദേശമായ നാൻ്റൗവിലാണ് ഇത്തരം ചായ ഉണ്ടാക്കുന്നത്. ജാക്കോബിയാസ്ക ഫോർമോസാന അല്ലെങ്കിൽ ടീ ജാസിഡുകൾ എന്ന് വിളിക്കപ്പെടുന്ന പ്രാണികൾ ഇവിടങ്ങളിലെ തേയിലത്തോട്ടങ്ങളിൽ സാധാരണമാണ്. ഈ പ്രാണികൾ തേയില ഇലയുടെ നീര് കുടിക്കുകയും തൽഫലമായി തേയില ഇലയിൽ പ്രത്യേകതരം എൻസൈം ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ എൻസൈം തേയിലയ്ക്ക് തേനിന്റെ സുഗന്ധവും പഴത്തിന്റെ രുചിയും ഇലയ്ക്ക് മിനുസവും നൽകുന്നു.
ഇലകൾ ഓക്സിഡൈസ് ചെയ്ത്, വറുത്ത് പലതരം പാനീയങ്ങൾ ഉണ്ടാക്കുന്നു. ‘ബഗ് ബിറ്റൺ ഊലോംഗ് ടീ’ എന്നും ‘ഡോങ് ഡിംഗ് ഊലോംഗ്’ എന്നും ഇത്തരം ഇലകളിൽനിന്നുള്ള ചായകൾ അറിയപ്പെടുന്നു. മിക്‌സിയാങ് ബ്ലാക്ക് ടീ, ഓറിയന്റൽ ബ്യൂട്ടി തുടങ്ങിയവയും ഈ ഇലകൾ കൊണ്ടുള്ള വ്യത്യസ്ത ചായകളാണ്.
ഓറിയന്റൽ ബ്യൂട്ടി എന്നത് തായ്‌വാനിലെ ഏറ്റവും പ്രശസ്തമായ മിക്‌സിയാങ് ടീകളിലൊന്നാണ്. തായ്‌പേയിൽ നടന്ന ടോക്കിയോ ചുവോ ലേലത്തിൽ ഓറിയന്റൽ ബ്യൂട്ടി മൂന്ന് 75 ഗ്രാം ക്യാനുകൾക്ക് ഏകദേശം11 ലക്ഷത്തിനടുത്ത് വിലയാണ് ലഭിച്ചത്.