യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ വൈകാതെ നടപ്പാക്കും. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനായി ഇന്ത്യൻ അധികാരികൾ നയതന്ത്രപരമായ ഇടപെടലുകൾ നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റിലാണ് നിമിഷയെ യെമൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിമിഷയ്ക്കൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന തലാലിനെ നിമിഷയും കൂട്ടുകാരി ഹനാനും ചേർന്ന് മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. തലാൽ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും നിമിഷ കോടതിയെ അറിയിച്ചു. എന്നാൽ ഹർജി കോടതി തള്ളി.
യെമൻ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിലവിൽ നിമിഷപ്രിയ കഴിയുന്നത്. വധശിക്ഷയ്ക്കെതിരായ നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയതിനെത്തുടർന്ന് യെമൻ പ്രസിഡന്റിന് ദയാഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. ബ്ലഡ് മണി നൽകിയുള്ള ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നുവെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.