ഞായറാഴ്ച തകർന്ന ജെജു എയർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളിലൊന്നിൽ നിന്ന് അന്വേഷകർ ഡാറ്റ വേർതിരിച്ചെടുത്തതായി ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം അറിയിച്ചു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നുള്ള വിവരങ്ങൾ ഓഡിയോ ഫയലായി പരിവർത്തനം ചെയ്യുമെന്നും അതേസമയം രണ്ടാമത്തെ ബ്ലാക്ക് ബോക്സ് – ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ – വിശകലനത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് അയയ്ക്കുമെന്നാണ് വിവരം.
വിമാനത്തിലെ ഡാറ്റയും വോയ്‌സ് റെക്കോർഡറുകളും ദുരന്തത്തിലേക്ക് നയിച്ചതിനു തൊട്ടുമുന്നേയുള്ള നിർണ്ണായക നിമിഷങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്ന് അന്വേഷകർ പ്രതീക്ഷിക്കുന്നു. 179 പേർ മരണമടഞ്ഞ ഈ വിമാനാപകടം ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വൈമാനികദുരന്തമായി മാറി. അപകടത്തിൽ കേടുപാടുകൾ സംഭവിച്ചതും നിർണ്ണായകമായ കണക്ടർ നഷ്ടപ്പെട്ടതുമായ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ പ്രാദേശികമായി ഡീകോഡ് ചെയ്യുന്നത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയതോടെയാണ് യു. എസിന്റെ സഹായം തേടിയിരിക്കുന്നത്.
ബാങ്കോക്കിൽനിന്ന് യാത്ര ചെയ്യുകയായിരുന്ന ബോയിംഗ് 737-800 വിമാനം ഞായറാഴ്ച മുവാൻ ഇന്റർനാഷണൽ എയർപോർട്ടിൽ ക്രാഷ്-ലാൻഡ് ചെയ്യുകയും റൺവേയുടെ അറ്റത്തുള്ള മതിലിലേക്ക് തെന്നിവീഴുകയും തീപിടിക്കുകയും ചെയ്തു. അപകടത്തിൽ രണ്ട് ജീവനക്കാരൊഴികെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിക്കുകയും ചെയ്തു.
7C2216 ഫ്ലൈറ്റിലെ യാത്രക്കാർ മൂന്നിനും 78 നുമിടയിൽ പ്രായമുള്ളവരായിരുന്നു. മിക്കവരും 40, 50, 60 വയസ്സിനിടയിലുള്ളവരാണെന്ന് യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ രണ്ട് തായ്‌ലൻഡ് പൗരന്മാരും ബാക്കിയുള്ളവർ ദക്ഷിണ കൊറിയക്കാരുമാണെന്ന് അധികൃതർ അറിയിച്ചു.
കുടുംബാംഗങ്ങളിൽനിന്ന് ശേഖരിച്ച ഉമിനീർ സാമ്പിളുകൾ ഉപയോഗിച്ച് – വിരലടയാളം അല്ലെങ്കിൽ ഡി. എൻ. എ. വഴിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. രാജ്യത്ത് ഏഴു ദിവസം ദുഃഖാചരണമാണ്.