Tuesday, January 21, 2025

കത്തോലിക്കാ സഭയുടെ സംഭാവനകൾക്ക് നന്ദിപറഞ്ഞ് സാംബിയൻ രാഷ്ട്രപതി

ഭീമമായ കടക്കെണിയിൽ ഏറെ ബുദ്ധിമുട്ടിയിരുന്ന സാംബിയൻ രാഷ്ട്രത്തിന്  കത്തോലിക്കാ സഭ നൽകിയ സഹായങ്ങൾക്ക് നന്ദിപറഞ്ഞ് രാഷ്ട്രപതി ഹകൈൻഡെ ഹിചിലേമ. രാജ്യത്തിന്റെ കടം പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ കത്തോലിക്കാ സഭയുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ലുസാക്കയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് ജാൻലൂക്ക പെരിച്ചിയുമായി നടത്തിയ കൂടിക്കാഴ്ചാവേളയിൽ പറഞ്ഞു. ഡിസംബർ 31 നാണ് ന്യൂൺഷ്യോയുടെ വസതിയിലെത്തി പ്രസിഡന്റ് നന്ദിപറഞ്ഞത്.

കടം കുറയ്ക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനും വേണ്ടിയുള്ള സാംബിയയുടെ ലക്ഷ്യങ്ങൾക്ക് കത്തോലിക്കാ സഭ വളരെയധികം പിന്തുണ നൽകിയിരുന്നു. ജി-20 കടാശ്വാസ ചട്ടക്കൂടിൽ സാംബിയയുടെ സ്ഥാനത്തെ പിന്തുണയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കടാശ്വാസത്തിന്റെ ഫലമായുണ്ടാകുന്ന തുകകൾ തന്ത്രപരമായ നിക്ഷേപങ്ങളിലും അന്താരാഷ്ട്ര വ്യാപാരപങ്കാളിത്തത്തിലും നിക്ഷേപിക്കാൻ തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് ഹിചിലേമ പറഞ്ഞു.

സാംബിയയിലെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹികക്ഷേമം എന്നീ മേഖലകളിൽ കാര്യമായ സംഭാവന നൽകിയിട്ടുള്ള കത്തോലിക്കാ സഭയുമായി അടുത്തുപ്രവർത്തിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും പ്രസിഡന്റ് എടുത്തുപറഞ്ഞു. കടം പുനഃക്രമീകരിക്കൽ പ്രക്രിയയിൽ സാംബിയയുടെ ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അപ്പസ്തോലിക് ന്യൂൺഷ്യോ ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക സന്ദേശം അറിയിച്ചു. 58-ാമത് ലോക സമാധാനദിനത്തോടനുബന്ധിച്ചുള്ള സന്ദേശം, സഭയും സാംബിയ സർക്കാരും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആർച്ചുബിഷപ്പ് എടുത്തുപറഞ്ഞു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News