Saturday, February 1, 2025

ഇറക്കുമതി കല്‍ക്കരി വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപണം

ഇറക്കുമതി കല്‍ക്കരി വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപണം. തദ്ദേശ കല്‍ക്കരിയേക്കാള്‍ മൂന്നിരട്ടി വിലയുള്ള കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സമ്മര്‍ദ്ദമെന്ന ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ഇറക്കുമതി കല്‍ക്കരി വാങ്ങിയാല്‍ രാജസ്ഥാന് 1736 കോടിയുടെ അധിക ബാധ്യതയുണ്ടാകും. കല്‍ക്കരി ഇറക്കുമതിക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ പത്ത് ശതമാനം കൂടി അധിക ചെലവ് വരുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഊര്‍ജപ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. വിവിധ താപവൈദ്യുതനിലയങ്ങള്‍ കല്‍ക്കരിയില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കേണ്ട സാഹചര്യത്തിലാണ്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

അതേസമയം, വൈദ്യുതി പ്രതിസന്ധി നേരിടാന്‍ താപനിലയങ്ങളിലേക്കുള്ള കല്‍ക്കരി നീക്കം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കിയിരുന്നു. വലിയ അളവില്‍ കല്‍ക്കരി നീക്കം പുരോഗമിക്കുന്നതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ ത്രിപാഠി നേരത്തെ അറിയിച്ചിരുന്നു.

 

Latest News