കർണാടകയിൽ സ്ഥിരീകരിച്ച എച്ച്. എം. പി. വി. (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നേരത്തെ മുതൽ ഇന്ത്യയടക്കം ലോകത്ത് എല്ലായിടത്തുമുള്ള വൈറസാണ്, രോഗം സ്ഥിരീകരിച്ച കുട്ടികളിൽ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്ര യാത്രകൾ നടത്തിയിട്ടില്ല. അതിനാൽതന്നെ അവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. മൂന്നു മാസവും എട്ടു മാസവും പ്രായമായ കുഞ്ഞുങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ കുട്ടികൾ ഇപ്പോൾ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഐ. സി. എം. ആർ. നടത്തുന്ന ശ്വാസകോശ വൈറൽ രോഗകാരികൾക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം.