സമർപ്പിത സമൂഹങ്ങൾക്ക് വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി ഇറ്റലിയിൽ നിന്നുള്ള സി. സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കൊൺസലാത്ത മിഷനറീസ് എന്ന സന്യാസിനീ സമൂഹത്തിലെ അംഗമാണ് സി. സിമോണ. പ്രൊ പ്രീഫെക്റ്റായി കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർടൈമിനെയും പാപ്പ നിയമിച്ചിട്ടുണ്ട്.
60 കാരിയായ സിസ്റ്റർ സിമോണ മുമ്പ് കൊൺസലാത്ത മിഷനറി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദനഹാ തിരുനാൾ ദിനമായ ജനുവരി ആറിനാണ് ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ സിമോണയെ സമർപ്പിത ജീവിതത്തിനും അപ്പോസ്തോലിക ജീവിത സമൂഹങ്ങൾക്കും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റായി നിയമിച്ചത്.
2023 ഒക്ടോബർ 7 മുതൽ ഈ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റർ. പരിശുദ്ധ സിംഹാസനത്തിന്റെ ഒരു ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതയാണിവർ. മൊസാംബിക്കിൽ മിഷനറിയായിരുന്ന സിസ്റ്റർ സിമോണ 2011 മുതൽ 2023 വരെ ഒരു പ്രൊഫഷണൽ നഴ്സായിരുന്നു.
2019 ജൂലൈ എട്ടിന് മാർപാപ്പ ആദ്യമായി ഏഴ് സ്ത്രീകളെ ഡിക്കാസ്റ്ററി ഫോർ കോൺസെക്രറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പോസ്തോലിക് ലൈഫിൻ്റെ അംഗങ്ങളായി നിയമിച്ചു. പിന്നീട്, സിസ്റ്റർ സിമോണയെ ആദ്യം ഡികാസ്റ്ററി സെക്രട്ടറിയായും ഇപ്പോൾ പ്രിഫെക്റ്റായും തിരഞ്ഞെടുത്തു.
ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണം ആരംഭിച്ചതു മുതൽ വത്തിക്കാനിൽ സ്ത്രീകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്. 2013 മുതൽ 2023 വരെയുള്ള പരിശുദ്ധ സിംഹാസനത്തെയും വത്തിക്കാൻ സിറ്റി സ്റ്റേറ്റിനെയും ഉൾക്കൊള്ളുന്ന മൊത്തത്തിലുള്ള ഡാറ്റ അനുസരിച്ച്, സ്ത്രീകളുടെ ശതമാനം 19.2% ൽ നിന്ന് 23.4% ആയി ഉയർന്നു.