Friday, January 24, 2025

വധശിക്ഷയ്ക്കു വിധേയരാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി ഇറാൻ: 2024 -ൽ ശിക്ഷിക്കപ്പെട്ടത് 901 പേർ

കഴിഞ്ഞ വർഷം ഇറാനിൽ കുറഞ്ഞത് 901 പേരുടെയെങ്കിലും വധശിക്ഷ നടപ്പാക്കിയതായി യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്. ഡിസംബറിലെ ഒരു ആഴ്ചയിൽ ഏകദേശം 40 പേരുടെ വധശിക്ഷ നടപ്പാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒമ്പത് വർഷത്തിനിടയിലെ ഇറാൻ നടപ്പാക്കുന്ന വധശിക്ഷയുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.

2023-ൽ 853 പേരെയാണ് ഇറാനിൽ വധശിക്ഷയ്ക്കു വിധേയമാക്കിയത്. 6% വർധനവാണ് 2024 ൽ വധശിക്ഷയിൽ ഇസ്ലാമിക ഭരണം നിലനിൽക്കുന്ന രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ വർഷം കഴിയുംതോറും ഇറാനിൽ വധശിക്ഷയ്ക്ക് വിധേയരായ ആളുകളുടെ എണ്ണത്തിലെ വർധനവ് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും ഇത് തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വോൾക്കർ ടർക്ക് പറഞ്ഞു.

വധശിക്ഷകളിൽ ഭൂരിഭാഗവും നടപ്പാക്കിയത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ്. മഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് 2022 ൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായവരും വിമതരും ഇതിൽ പെടുന്നു. വധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണത്തിലും കഴിഞ്ഞ കൊല്ലം വർധനവുണ്ടായി.

വധശിക്ഷയുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്നും വധശിക്ഷ ആത്യന്തികമായി നിർത്തലാക്കുകയെന്ന ലക്ഷ്യത്തോടെ വധശിക്ഷയ്ക്കു മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും വോൾക്കർ ആവശ്യപ്പെട്ടു.

ഇറാൻ്റെ മനുഷ്യാവകാശ പ്രവർത്തകരുടെ വാർത്താ ഏജൻസി (HRANA), ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (IHR), ഹെൻഗാവ് (Hengaw) ഉൾപ്പെടെ വിശ്വസനീയമായ സംഘടനകളിൽ നിന്നും ലഭിച്ച കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസിൻ്റെ വക്താവ് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News