വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ബ്ലോക്കിൽ ഇന്തോനേഷ്യയെ പൂർണ്ണ അംഗമായി അംഗീകരിച്ചതായി ബ്രസീൽ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇന്തോനേഷ്യയുടെ സ്ഥാനാർത്ഥിത്വം 2023 ഓഗസ്റ്റിൽ ബ്രിക്സ് നേതാക്കൾ അംഗീകരിച്ചതായി 2025 ലെ ഗ്രൂപ്പിന്റെ പ്രസിഡൻസി വഹിക്കുന്ന ബ്രസീൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സമ്പന്ന രാജ്യങ്ങൾ ചേർന്നുള്ള ജി7 കൂട്ടായ്മയ്ക്ക് ബദലായി ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് ബ്രിക്സ് കൂട്ടായ്മ ആരംഭിച്ചത്. ഈ രാജ്യങ്ങൾക്കൊപ്പം 2010 ൽ ദക്ഷിണാഫ്രിക്കയെയും ചേർന്നിരുന്നു. ബ്രിക്സിലേക്കുള്ള ഇന്തോനേഷ്യയുടെ പ്രവേശനത്തെ ബ്രസീൽ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. “തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ജനസംഖ്യയും സമ്പദ്വ്യവസ്ഥയും ഉള്ള ഇന്തോനേഷ്യ മറ്റ് അംഗങ്ങളുമായി ആഗോള ഭരണ സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിനുള്ള പ്രതിബദ്ധത പങ്കിടുകയും സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് ക്രിയാത്മകമായി സംഭാവന നൽകുകയും ചെയ്യുന്നു”- പ്രസ്താവനയിൽ പറയുന്നു.
ആഗോള വിഷയങ്ങളിൽ ഇന്തോനേഷ്യയുടെ സജീവമായ പങ്കും ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് ഇന്തോനേഷ്യയുടെ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിൽ വെളിപ്പെടുത്തി.