പീഡനങ്ങളെ നേരിട്ടും കത്തോലിക്കാ വിശ്വാസത്തോട് ധീരമായി ചേർന്നു നിന്നും ജീവിച്ച ചൈനയിലെ ഏറ്റവും പ്രായം കൂടിയ വൈദികൻ 104-ാം വയസ്സിൽ അന്തരിച്ചു. വിശ്വാസത്തെ പ്രതി 25 വർഷം തടവിൽ കഴിഞ്ഞ ഫാ. ജോസഫ് ഗുവോ ഫ്യൂഡ് ആണ് 2024 ഡിസംബർ 30-ന് അന്തരിച്ചത്.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുന്നതിന് മുമ്പ് നിയമിക്കപ്പെട്ട ചൈനയിലെ അവശേഷിച്ച ചുരുക്കം ചില കത്തോലിക്കാ പുരോഹിതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ചൈനയിലെ കത്തോലിക്കരുടെ ധീരമായ വിശ്വാസത്തിന്റെയും അസാധാരണമായ കഷ്ടപ്പാടുകളുടെയും പ്രതീകമായിരുന്നു ഫാ. ഗുവോ. കാൽ നൂറ്റാണ്ട് ജയിലിൽ കഴിഞ്ഞ അദ്ദേഹം 90- വയസ്സുള്ളപ്പോഴും തന്റെ ജനങ്ങളെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. ജയിൽ വാസത്തെ വളരെ കഠിനമായ ശിക്ഷയായി കാണാതെ വിശ്വാസത്തിലും ആത്മീയതയിലും പ്രാർഥനയിലും വളരാനുള്ള അവസരമായിട്ടായിരുന്നു അദ്ദേഹം കണ്ടത്.
“എന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ജയിൽ എനിക്ക് ചിന്തിക്കാനും പ്രാർഥിക്കാനും ആത്മീയമായി വളരാനും കഴിയുന്ന ഒരു സ്ഥലമായി മാറി. എന്റെ തടവറ ജീവിതം ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും ദൈവത്തെ സേവിക്കുന്നതിൽ തുടരാനും എനിക്ക് ശക്തി നൽകി. എല്ലാ പരീക്ഷണങ്ങളും ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നു. ജയിൽവാസം ഭൗമിക സമ്പത്ത് ക്ഷണികമാണെന്നും ദൈവത്തിലുള്ള വിശ്വാസം മാത്രമാണ് യഥാർത്ഥ സമ്പത്തെന്നും എന്നെ പഠിപ്പിച്ചു,” ഫാ. ഗുവോ തന്റെ ജയിൽ ജീവിതത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്.
1920 ഫെബ്രുവരിയിൽ ജനിച്ച ഗുവോ 1947 ൽ പുരോഹിതനായി അഭിഷിക്തനായി. 1959 ൽ, ചൈനയിലെ പ്രത്യയശാസ്ത്ര പരിഷ്കരണ പ്രസ്ഥാനത്തിനിടയിൽ, രാഷ്ട്രത്തിനെതിരായ അട്ടിമറി പ്രവർത്തനങ്ങൾ നടത്തി എന്നാരോപിക്കപ്പെട്ട് അദ്ദേഹം ആദ്യമായി ജയിലിലടയ്ക്കപ്പെട്ടു. 1967 നും 1979 നും ഇടയിൽ ചാരവൃത്തി കുറ്റത്തിന് രണ്ടാമതും 1982 ൽ വിശ്വാസം പ്രചരിപ്പിച്ചതിന് മൂന്നാമതും അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു എന്ന് ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.