Sunday, February 2, 2025

ചൈനയില്‍ 132 പേര്‍ മരിച്ച വിമാനാപകടം; വിമാനം പൈലറ്റുമാര്‍ ബോധപൂര്‍വ്വം തകര്‍ത്തതെന്ന് സൂചന

മാര്‍ച്ചില്‍ ചൈനയില്‍ നടന്ന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ജെറ്റിന്റെ അപകടം മനഃപൂര്‍വം നിര്‍മ്മിച്ചതാണെന്ന് യുഎസ്. രണ്ട് യുഎസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തലുകളെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഈ വിവരം പുറത്ത് വിട്ടത്. ജെറ്റിന്റെ ബ്ലാക്ക് ബോക്സില്‍ നിന്നുള്ള ഫ്‌ലൈറ്റ് ഡാറ്റ പരിശോധിച്ചതിന് ശേഷമാണ് അപകടം മനഃപൂര്‍വം നിര്‍മ്മിച്ചതാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. കോക്പിറ്റിലുണ്ടായിരുന്ന ആരോ ആണ് അപകടത്തിന് പിന്നില്‍ എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 132 പേരായിരുന്നു ഈ അപകടത്തില്‍ മരണപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തില്‍ സാങ്കേതിക തകരാറിന്റെ സൂചനകളൊന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ക്രൂവിന്റെ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. സംഭവത്തില്‍ ജെറ്റിന്റെ നിര്‍മ്മാതാക്കളായ ബോയിംഗ് കോ ഇതുവരെയും പ്രതികരിക്കാന്‍ തയ്യാറായില്ല. ചൈനീസ് റെഗുലേറ്റര്‍മാരോട് ചോദിക്കാന്‍ ആയിരുന്നു ഇവര്‍ പറഞ്ഞത്. അതേ സമയം വിഷയത്തില്‍ ഉടന്‍ അഭിപ്രായം പറയില്ലെന്ന് യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും പറഞ്ഞിട്ടുണ്ട്.

കുന്‍മിങ്ങില്‍ നിന്ന് ഗ്വാങ്ഷൂവിലേക്ക് പോകുകയായിരുന്ന ബോയിംഗ് 737 – 800 ജെറ്റ് ആയിരുന്നു മാര്‍ച്ചില്‍ അപകടപ്പെട്ടത്. ഗുവാങ്സിയിലെ പര്‍വതനിരകളിലാണ് ജെറ്റ് തകര്‍ന്നുവീണത്. അപകടത്തില്‍ 123 യാത്രക്കാരും ഒമ്പത് ജോലിക്കാരും മരണപ്പെടുകയും ചെയ്തു. 28 വര്‍ഷത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും മാരകമായ വ്യോമയാന ദുരന്തമായിരുന്നു ഇത്. അപകടത്തെ തുടര്‍ന്ന് ബോയിംഗ് 737 – 800 ജെറ്റ് വിമാനങ്ങള്‍ ചെറിയ കാലയളവിലേക്ക് ചൈനയില്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെയാണ് ഈ വിമാനങ്ങളുടെ ഉപയോഗം ചൈന പുനരാരംഭിച്ചത്. അപകടത്തില്‍ ചൈനീസ് റെഗുലേറ്റര്‍മാര്‍ 737 – 800 നെക്കുറിച്ചുള്ള സാങ്കേതിക ശുപാര്‍ശകളൊന്നും ചൂണ്ടിക്കാണിച്ചില്ല.

ചൈനീസ് അന്വേഷണത്തെ സഹായിക്കാന്‍ ബോര്‍ഡ് അന്വേഷകരും ബോയിംഗും ചൈനയിലേക്ക് പോയതായി മെയ് 10 ന് റോയിട്ടേഴ്സ് അഭിമുഖത്തില്‍ എന്‍ടിഎസ്ബി ചെയര്‍ ജെന്നിഫര്‍ ഹോമെന്‍ഡി പറഞ്ഞു. നാളിതുവരെയുള്ള അന്വേഷണത്തില്‍ ആവശ്യമായ സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡിന് എന്തെങ്കിലും സുരക്ഷാ ആശങ്കകള്‍ ഉണ്ടെങ്കില്‍ അത് അടിയന്തര സുരക്ഷാ ശുപാര്‍ശകള്‍ക്ക് നല്‍കുമെന്ന് ഹോമണ്ടി കൂട്ടിച്ചേര്‍ത്തു.

Latest News