Monday, January 20, 2025

വെനസ്വേലയിൽ മൂന്നാം തവണയും പ്രസിഡന്റായി നിക്കോളാസ് മഡുറോ അധികാരമേറ്റു

വെനസ്വേലയിലെ നിക്കോളാസ് മഡുറോ മൂന്നാം തവണയും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തെ പ്രതിപക്ഷനേതാക്കൾ ഈ ഭരണത്തെ അട്ടിമറി എന്നാണ് വിശേഷിപ്പിച്ചത്. ദേശീയ അസംബ്ലിയുടെ ഒരു ചെറിയ മുറിയിൽ വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ദേശീയ അസംബ്ലി നേതാവ് ജോർജ് റോഡ്രിഗസ് മഡുറോയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം അനുയായികൾ വലിയ കരഘോഷത്തോടെയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. “ഞങ്ങൾ നേടിയെടുക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു” – സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള ആദ്യ പ്രസംഗത്തിൽ മഡുറോ പറഞ്ഞു. “എനിക്ക് നൽകിയ അധികാരം ഒരു വിദേശ സർക്കാരോ, വിദേശ പ്രസിഡന്റോ ഗ്രിംഗോ സർക്കാരോ നൽകിയതല്ല. ഈ ലോകത്ത് ആർക്കും വെനസ്വേലയിൽ ഒരു പ്രസിഡന്റിനെ അടിച്ചേൽപിക്കാൻ കഴിയില്ല”- അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 28 ന് നടന്ന തിരഞ്ഞെടുപ്പിനെ തുടർന്നാണ് മഡുറോയെ വീണ്ടും പ്രസിഡന്റായി പ്രഖ്യാപിച്ചത്. എന്നാൽ വെനസ്വേലയിലെ പ്രതിപക്ഷം തങ്ങളുടെ സ്ഥാനാർഥി എഡ്മണ്ടോ ഗോൺസാലസ് 67% വോട്ടും മഡുറോയുടെ 30% വോട്ടും നേടിയെന്ന് അവകാശപ്പെടുന്ന ആയിരക്കണക്കിന് വോട്ടിംഗ് കണക്കുകൾ പ്രസിദ്ധീകരിച്ചു. കാർട്ടർ സെന്റർ, കൊളംബിയൻ ഇലക്ടറൽ മിഷൻ തുടങ്ങിയ സ്വതന്ത്ര നിരീക്ഷകരും സി. എൻ. എന്നിന്റെ സ്വന്തം വിശകലനവും പ്രതിപക്ഷ കണക്കുകൾ നിയമാനുസൃതമാണെന്ന് കണ്ടെത്തി. അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വെനസ്വേലയുടെ ശരിയായ പ്രസിഡന്റായി ഗോൺസാലസിനെ അംഗീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News