യുദ്ധക്കുറ്റത്തിന് യുക്രെയ്നില്‍ വിചാരണ നേരിട്ട ആദ്യ റഷ്യന്‍ സൈനികന്, ഇരുപത്തൊന്നുകാരനായ വാദിം ഷിഷിമാരിന് കീവ് ജില്ലാ കോടതിയില്‍ ബുധനാഴ്ച കുറ്റസമ്മതം നടത്തി. തനിക്കെതിരായ കുറ്റങ്ങള്‍ പ്രോസിക്യൂട്ടര്‍ വായിച്ചപ്പോള്‍ അയാള്‍ തലതാഴ്ത്തിയിരിക്കുകയായിരുന്നു. വായന കഴിഞ്ഞ് ഈ കുറ്റങ്ങള്‍ സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തലയുയര്‍ത്തി നിര്‍വികാരതയോടെ അയാള്‍ ‘യെസ്’ എന്നു പറഞ്ഞു.
യുദ്ധക്കുറ്റം, ആസൂത്രിത കൊലപാതകം എന്നിവയാണ് ഇയാളില്‍ ചുമത്തിയിരിക്കുന്നത്. കുറ്റസമ്മതം നടത്തിയതിനാല്‍ ഇയാള്‍ക്ക് യുക്രൈനില്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും.
റഷ്യന്‍ സൈനികനീക്കത്തിനിടെ ഫെബ്രുവരി 28 ന് കിഴക്കന്‍ സുമി മേഖലയിലെ ഗ്രാമത്തിനു സമീപം സൈക്കിളില്‍ സഞ്ചരിച്ച 62 കാരനെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന ആരോപണം. ഈ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് റഷ്യയുടെ പ്രതികരണം.