ആയിരക്കണക്കിന് വീടുകൾ നശിപ്പിക്കുകയും 40,000 ഏക്കർ കത്തിനശിക്കുകയും ചെയ്ത തീ നിയന്ത്രണവിധേയമാക്കാൻ ഒരാഴ്ചയോളമായി അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കവെ ലോസ് ആഞ്ചലസ് പ്രദേശത്ത് തിങ്കളാഴ്ച രാത്രി ആരംഭിച്ച ശക്തമായ കാറ്റ് ‘സ്ഫോടനാത്മക തീപിടുത്തത്തിന്’ കാരണമാകുമെന്ന് മുന്നറിയിപ്പ്.
“അപകടം തീർത്തും കടന്നുപോയിട്ടില്ല” – ലോസ് ആഞ്ചലസ് ഫയർ ഡിപ്പാർട്ട്‌മെന്റിലെ ചീഫ്, ക്രിസ്റ്റിൻ ക്രോളി പറഞ്ഞു. “വേഗതയിൽ പ്രതികരിക്കാനുള്ള കഴിവ് ഞങ്ങൾക്കുണ്ടെന്ന് ഉറപ്പാക്കാൻ ഏജൻസി ഉപകരണങ്ങളെയും ഉദ്യോഗസ്ഥരെയും നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാത്രി വരെ 2722 സമുച്ചയങ്ങൾ നശിച്ചതായും 329 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. കേവലം 24 മണിക്കൂർ മുമ്പ്, മൊത്തം 1213 കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയും 180 ഘടനകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. നിലവിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കാനിടമില്ലാതെ വലിയ പ്രതിസന്ധിയിലാണ്.