ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ ഉടമയായ മെറ്റ തങ്ങളുടെ ആഗോള തൊഴിലാളികളുടെ അഞ്ച് ശതമാനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. മികവ് കുറഞ്ഞ പ്രകടനം നടത്തുന്നവരെ വേഗത്തിൽ ജോലിയിൽനിന്നും പിരിച്ചുവിടാനാണ് തീരുമാനം.
സ്ഥാപനത്തിന്റെ പതിവ് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വെട്ടിക്കുറവുകൾ വേഗത്തിലാക്കാനാണ് താൻ തീരുമാനമെടുത്തതെന്ന് ജീവനക്കാർക്ക് അയച്ച മെമ്മോയിൽ കമ്പനി ഉടമ മാർക്ക് സക്കർബർഗ് പറഞ്ഞു. ആഗോളതലത്തിൽ ഏകദേശം 72,000 ജീവനക്കാരാണ് നിലവിലുള്ളത്. സക്കർബർഗിന്റെ മെമ്മോ അനുസരിച്ച്, യു. എസിൽ ജോലിയിൽനിന്നും പുറത്താകുന്നവരുടെ വിവരങ്ങൾ ഫെബ്രുവരി പത്തിനകം അറിയും. യു. എസിനു പുറത്തുള്ളവരെ പിന്നീട് അറിയിക്കും.
“ഇത് തീവ്രമായ വർഷമായിരിക്കും. ഞങ്ങളുടെ ടീമുകളിൽ മികച്ച ആളുകളുണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു” – അദ്ദേഹം എഴുതി. ഏകദേശം 3,600 പേരെ ഈ നീക്കത്തെ ബാധിച്ചേക്കാമെന്നാണ് നിലവിലെ റിപ്പോർട്ട്.