കഴിഞ്ഞ വർഷം കടലിനടിയിലെ കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, വിച്ഛേദിക്കപ്പെടുകയോ ചെയ്തതിനെത്തുടർന്ന് ബാൾട്ടിക് കടലിലെ നിരീക്ഷണം വർധിപ്പിക്കുന്നതിന് നാറ്റോ ഒരു പുതിയ ദൗത്യം ആരംഭിച്ചു. ‘ബാൾട്ടിക് സെൻട്രി’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിൽ കൂടുതൽ പട്രോളിംഗ് വിമാനങ്ങളും യുദ്ധക്കപ്പലുകളും ഡ്രോണുകളും ഉൾപ്പെടുമെന്ന് നാറ്റോ മേധാവി മാർക്ക് റുട്ടെ പറഞ്ഞു. ഫിൻലാൻഡ്, എസ്റ്റോണിയ, ഡെൻമാർക്ക്, ജർമനി, ലാത്വിയ, ലിത്വാനിയ, പോളണ്ട്, സ്വീഡൻ – ബാൾട്ടിക് കടൽ സ്ഥിതിചെയ്യുന്ന എല്ലാ നാറ്റോ രാജ്യങ്ങളും പങ്കെടുത്ത ഹെൽസിങ്കിയിൽ നടന്ന ഉച്ചകോടിയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കേബിൾ കേടുപാടുകളിൽ റഷ്യയെ നേരിട്ട് കുറ്റവാളിയായി കണക്കാക്കിയിട്ടില്ലെങ്കിലും മോസ്കോയുടെ ‘ഷാഡോ ഫ്ലീറ്റ്’ – ഉപരോധിച്ച എണ്ണ ഉൽപന്നങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വ്യക്തമായ ഉടമസ്ഥതയില്ലാത്ത കപ്പലുകളുടെ നിരീക്ഷണം നാറ്റോ ശക്തമാക്കുമെന്ന് റുട്ടെ പറഞ്ഞു.
2022 ഫെബ്രുവരിയിൽ റഷ്യ, യുക്രൈനിൽ നടത്തിയ പൂർണ്ണമായ അധിനിവേശത്തിനുശേഷം നാറ്റോ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള പിരിമുറുക്കങ്ങൾ നിരന്തരമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
“അടിസ്ഥാനസൗകര്യങ്ങളുടെ നാശത്തെക്കുറിച്ച് ഗുരുതരമായ ആശങ്കയ്ക്ക് കാരണമുണ്ട്” – റുട്ടെ പറഞ്ഞു. ഇത്തരം അപകടങ്ങളിൽ നാറ്റോ ശക്തമായി പ്രതികരിക്കുമെന്നും ആവശ്യമെങ്കിൽ സംശയാസ്പദമായ കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപമാസങ്ങളിൽ ബാൾട്ടിക് കടലിനടിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.