Monday, January 20, 2025

പാക്കിസ്ഥാനിൽ കൽക്കരി ഖനി തകർന്ന് മരിച്ച 11 തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തു

തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിദൂരപ്രദേശമായ സിംഗിഡിയിൽ, മീഥെയ്ൻ വാതകസ്ഫോടനത്തെ തുടർന്ന് കൽക്കരി ഖനിയിൽ മരണമടഞ്ഞ 11 തൊഴിലാളികളുടെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ജനുവരി 10 വെള്ളിയാഴ്‌ചയായിരുന്നു ദുരന്തം നടന്നത്. ഞായറാഴ്ച ബലൂചിസ്ഥാനിലെ ഹർനൈ ജില്ലയിൽ മറ്റൊരു ഖനി തകർന്ന് രണ്ട് തൊഴിലാളികൾകൂടി മരിച്ചതായി മൈൻസ് ഇൻസ്പെക്ടർ അബ്ദുൾ ഗനി പറഞ്ഞു.

മൂന്നു ദിവസത്തെ രക്ഷാപ്രവർത്തനത്തിനുശേഷം ശനിയാഴ്ച രാത്രിയോടെ 11 മൃതദേഹങ്ങൾ കണ്ടെടുത്തു. തകർന്ന ഖനിക്കുള്ളിൽ കാണാതായ അവസാന തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണെന്ന് പ്രവിശ്യയിലെ ഖനനവകുപ്പ് മേധാവി അബ്ദുല്ല ഷവാനി പറഞ്ഞു. “തകർന്ന ഖനിയിൽ അവസാനത്തെ തൊഴിലാളിയും ഇത്രയും ദിവസം അതിജീവിക്കാനുള്ള സാധ്യത കുറവാണ്” – ഷവാനി പറഞ്ഞുകൂട്ടിച്ചേർത്തു.

“വാതകം അടിഞ്ഞുകൂടിയതാണ് അപകടത്തിനു കാരണമായത്. ഇത് സ്ഫോടനത്തിനും തൊഴിലാളികൾ ഖനിയിലകപ്പെടാനും കാരണമായി” – ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുന്നുണ്ടെന്നും എന്നാൽ തകർന്ന ഖനിയിൽ വിഷവാതകവും അവശിഷ്ടങ്ങളും ഉള്ളതിനാൽ പുരോഗതി മന്ദഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് കാരണം ഖനിവകുപ്പിലെ ഉദ്യോഗസ്ഥരാണെന്നും അവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാക്കിസ്ഥാനിലെ കൽക്കരി ഖനന വ്യവസായത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇത് ഓരോ വർഷവും നിരവധി അപകടങ്ങൾക്കും സ്ഫോടനങ്ങൾക്കും കാരണമാകുന്നു. ഖനി ഉടമകൾ അവശ്യ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് ഖനിത്തൊഴിലാളികൾ പലപ്പോഴും റിപ്പോർട്ട് ചെയ്യാറുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം മാർച്ചിൽ ഹർനൈയിലെ കൽക്കരിപിറ്റിലുണ്ടായ വാതകസ്‌ഫോടനത്തിൽ 12 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News