അമിതവണ്ണത്തിന് പുതിയ നിർവചനം ആവശ്യമെന്ന് അഭിപ്രായപ്പെട്ട് ആഗോളതലത്തിലുള്ള ആരോഗ്യവിദഗ്ദ്ധർ. ശരീരത്തിൽ അധിക കൊഴുപ്പുള്ള ആളുകൾക്ക് സജീവവും ആരോഗ്യകരവുമായിരിക്കാമെന്നും കൂടുതൽ കൃത്യവും സൂക്ഷ്മവുമായ നിർവചനം ആവശ്യമായിവരുമ്പോൾ വളരെയധികം ആളുകൾ പൊണ്ണത്തടിയുള്ളതായി രോഗനിർണ്ണയം നടത്താനുള്ള സാധ്യതയുണ്ടെന്നും ആഗോളവിദഗ്ദ്ധരുടെ റിപ്പോർട്ടിൽ പറയുന്നു.
അമിതകൊഴുപ്പുള്ള രോഗികളുടെ ബോഡി മാസ് ഇൻഡക്സ് (ബി. എം. ഐ.) അളക്കുന്നതിനുപകരം അവരുടെ മൊത്തത്തിലുള്ള ആരോഗ്യം ഡോക്ടർമാർ പരിഗണിക്കണം. അല്ലാത്തപക്ഷം അമിതവണ്ണത്തിനുള്ള ചികിത്സകളിലേക്ക് അത്തരക്കാർ നീങ്ങുന്നു എന്നും അവർ പറയുന്നു. ലോകമെമ്പാടും ഒരു ബില്യണിലധികം ആളുകൾ അമിതവണ്ണവുമായി ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു. കൂടാതെ, ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾക്ക് ഉയർന്ന ഡിമാൻഡുമുണ്ട്.
ഹൃദ്രോഗം, ശ്വാസതടസ്സം, ടൈപ്പ് 2 പ്രമേഹം അല്ലെങ്കിൽ സന്ധിവേദന എന്നിങ്ങനെ ശരീരത്തിലെ അവയവങ്ങളെ ബാധിക്കുന്ന പൊണ്ണത്തടിയുടെ ലക്ഷണങ്ങളും ദൈനംദിന ജീവിതത്തിൽ അവയുടെ ദോഷകരമായ സ്വാധീനവും പരിശോധിക്കുന്ന ഒരു പുതിയ മോഡലിനായി വിദഗ്ദ്ധർ വാദിക്കുന്നു. അരക്കെട്ട്, ഉയരം, മറ്റ് അനുപാതങ്ങൾ അല്ലെങ്കിൽ നേരിട്ടുള്ള കൊഴുപ്പ് അളക്കൽ എന്നിവയോടൊപ്പം വിശദമായ മെഡിക്കൽ ചരിത്രവും നൽകുമ്പോൾ ബി. എം. ഐ. യെക്കാൾ വളരെ വ്യക്തമായ വിവരം ലഭിക്കുമെന്നാണ് ഡോക്ടർസംഘം വിലയിരുത്തുന്നത്.
അമിതവണ്ണമുള്ള കുട്ടികൾക്കും മുതിർന്നവർക്കും കൂടുതൽ ഉചിതമായ പരിചരണം ലഭിക്കാൻ പുതിയ സമീപനം അനുവദിക്കുമെന്നും അതേസമയം അമിതമായി രോഗനിർണ്ണയം നടത്തുകയും അനാവശ്യ ചികിത്സ നൽകുകയും ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യുമെന്ന് സിഡ്‌നി സർവകലാശാലയിലെ പീഡിയാട്രിക് ഒബീസിറ്റി വിദഗ്ദ്ധഗ്ധൻ പ്രൊഫ. ലൂയിസ് ബൗർ പറഞ്ഞു.
ശരീരഭാരം 20% വരെ കുറയ്ക്കുന്ന മരുന്നുകൾ വലിയ തോതിൽ നിർദേശിക്കപ്പെടുന്ന ഒരു സമയത്ത്, അമിതവണ്ണത്തിന് പുതിയ നിർവചനം നൽകുന്നത് അനിവാര്യമായിരിക്കും.