മിസ്റ്ററി – ക്രൈം ത്രില്ലർ സിനിമകൾക്ക് എക്കാലവും ആരാധകർ ഏറെയാണ്. എങ്കിലും അത്തരം ചിത്രങ്ങൾ തിയറ്ററിൽ പോയി കാണുന്നതിനുമുൻപ് ആരും രണ്ടാമതൊന്ന് ആലോചിക്കും. കാരണം ആസ്വാദകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ കഴിയുക എന്നത് ഇത്തരം ചിത്രങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ഒരു ചെറിയ പാളിച്ചപോലും സിനിമയുടെ വലിയ തകർച്ചയ്ക്കും കാരണമാകും.
ഈ വിഭാഗത്തിൽപെടുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ജോൺ മന്ത്രിക്കൽ, രാമു സുനിൽ എന്നിവരുടെ തിരക്കഥയിൽ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം.’ ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നീ മികച്ച താരനിരയുടെ ബലം സിനിമയ്ക്കുണ്ട്.
ഏതു ചലച്ചിത്രമായാലും പ്രേക്ഷകർ പൊതുവെ നായികാനായകന്മാരെയോ, വില്ലൻ കഥാപാത്രങ്ങളെയോ ഒക്കെ മനസ്സിൽ പേറി തിയറ്റർ വിടുകയാണ് പതിവ്. ചൂടേറിയ സിനിമാചർച്ചകളിൽപോലും അഭിനയമികവും ഡയലോഗ് ഡെലിവറിയും ആക്ഷനും മാത്രം വിഷയങ്ങളാകുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രേക്ഷകർ, തിരക്കഥാ രചനയിലെ ‘ബ്രില്യൻസി’നെ പ്രശംസിക്കുന്ന ഒരു അപൂർവ പ്രതിഭാസം രേഖാചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.
റമ്മികളി ശീലം കാരണം പൊലീസ് സേനയിൽനിന്നും സസ്‌പെൻഷൻ ലഭിച്ച വിവേകിനെ (ആസിഫ് അലി) തിരിച്ചെടുത്തപ്പോൾ കിട്ടിയ പണിഷ്മെന്റ് ട്രാൻസ്ഫർ ആയിരുന്നു മലക്കപ്പാറ എന്ന വനാതിർത്തിയിലുള്ള പൊലീസ് സ്റ്റേഷന്റെ ചുമതല. 40 വർഷം മുമ്പ് തന്റെ കൂട്ടാളികളുമായി താൻ ചെയ്ത ഒരു കുറ്റകൃത്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തത്സമയം വെളിപ്പെടുത്തിയ രാജേന്ദ്രന്റെ ആത്മഹത്യാകേസിലാണ് കഥയുടെ തുടക്കം. തുടർന്ന് 1985 ൽ കാതോട് കാതോരം എന്ന മമ്മൂട്ടി സിനിമയുടെ ചിത്രീകരണസ്ഥലത്തുനിന്ന് തിരോധാനം ചെയ്യപ്പെട്ട ഒരു പെൺകുട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിലേക്കുവരെ എത്തിനിൽക്കുന്നതാണ് കഥയുടെ പ്രമേയം.
വളരെ ലളിതമായ ഒരു പ്രമേയത്തെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുക, അതോടൊപ്പം യഥാർഥ വസ്തുതകളെ ഒരു ചോദ്യത്തിനും ഇടംകൊടുക്കാതെ കൂട്ടിച്ചേർക്കുക, കാണികൾക്ക് ഒരു സംശയവും എവിടെയും തോന്നാത്ത വിധത്തിൽ കൈകാര്യം ചെയ്യുക എന്നീ വെല്ലുവിളികളെ ഏറ്റവും ഉത്തമമായി ചേർത്തുവച്ച തിരക്കഥയായിരുന്നു ചിത്രത്തിന്റേത്. കഥാപാത്രസൃഷ്ടിയിൽ ഇത്രയും നീതി പുലർത്തിയ ചിത്രം ഈ അടുത്ത കാലത്തുണ്ടായിട്ടില്ല എന്ന് തോന്നുന്നു. കാരണം, ഓരോ കഥാപാത്രത്തിനും അവരവരുടേതായ പ്രാധാന്യത്തിനൊപ്പം സിനിമ പുരോഗമിക്കുമ്പോൾ അവരുടെയെല്ലാം ഭാവിയെക്കൂടി പ്രേക്ഷകർക്ക് വ്യക്തമാക്കിക്കൊടുക്കാൻ തിരക്കഥാകൃത്തുക്കൾക്ക് സാധിച്ചിട്ടുണ്ട്.
കഥ പുരോഗമിക്കുമ്പോൾ ഒരു പെൺകുട്ടിയുടെ തിരോധാനം എന്ന സമസ്യയ്ക്ക് പിന്നിലൂടെ ഉണ്ടാകുന്ന നിരവധി ചോദ്യങ്ങളും അതിലേറെ അതിലുണ്ടാകുന്ന പ്രതിസന്ധികളും അന്വേഷണത്തിനിടയിൽ കണ്ടുമുട്ടുന്ന നിരവധിയാളുകളുടെ ഉള്ളുലയ്ക്കുന്ന കാത്തിരിപ്പിന്റെ കണ്ണീരുമെല്ലാം, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നു. ഇതുപോലുള്ള സിനിമകളിൽ കാഴ്ച്ചയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ക്ലൈമാക്സിനെക്കുറിച്ച് ചില ചെറിയ നിഗമനത്തിലെത്താൻ കാഴ്ചക്കാർക്ക് തോന്നാറുണ്ട്. എന്നാൽ ‘രേഖാചിത്രം’ അതിന് നമ്മെ അനുവദിക്കുന്നില്ല എന്നു മാത്രമല്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്റ്റുകളും ക്ലൈമാക്‌സും നമുക്ക് സമ്മാനിക്കുന്നുമുണ്ട്.
ഇന്റർവെൽ സമയത്ത് വാങ്ങുന്ന പോപ്പ് കോൺ പോലും ഒരു വശത്തേക്കു മാറ്റിവയ്ക്കാൻ ഇതിലെ ഓരോ മുഹൂർത്തവും നമ്മെ പ്രേരിപ്പിക്കുന്നു. ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നുപോലും അറിയാതെ കാണാമറയത്തിരിക്കുന്ന നിരവധിയാളുകളുടെ കുടുംബാംഗങ്ങളുടെ കാത്തിരിപ്പും വേദനയും അറിഞ്ഞോ, അറിയാതെയോ പ്രേക്ഷകരിലേക്കും എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്. കണ്ടെത്തപ്പെടാതെ പോകുന്നവരുടെ ജീവിതത്തിന് എന്തു സംഭവിക്കുന്നു എന്ന അജ്ഞതയും അതിന്റെ മറവിൽ സംഭവിക്കുന്ന കുറ്റകൃത്യങ്ങളുടെ ഭീകരതയും ഒരു സാമൂഹിക വിപത്താണെന്ന ഓർമപ്പെടുത്തലും ഈ ചിത്രം നൽകുന്നു. അതോടൊപ്പം 1985 ലെ കാതോട് കാതോരം എന്ന സിനിമാഭാഗങ്ങളും ഷൂട്ടിങ് ലൊക്കേഷനും കൂടി സിനിമയിൽ എത്തിക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളെ അവസരമായി കണ്ട സംവിധാന മികവും അഭിനന്ദനാർഹമാണ്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം നിർമിതബുദ്ധി (AI ) ഉപയോഗിച്ച് മമ്മൂട്ടിയെയും ഏറ്റവും ഉചിതമായി ഈ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നുള്ളതാണ്. സിനിമയുടെ ഏറ്റവും വലിയ ക്വാളിറ്റികളിൽ ഒന്നാണ് തുടർച്ച (continuity). ആ ഒരു അളവുകോലിനെ ഏറ്റവും ഭംഗിയായി ചേർത്തുവച്ചിരിക്കുന്നതും സിനിമയുടെ ഒരു വലിയ വിജയമാണ്.
ഇതിൽ അഭിനയിച്ചിരിക്കുന്ന ഓരോ കഥാപാത്രത്തിനും അവരുടേതായ വ്യക്തിത്വമുണ്ട്; പ്രാധാന്യമുണ്ട്. “മരണം ഒരു ഉറപ്പാണ്. കാത്തിരിപ്പാണ് മരണത്തെക്കാൾ വേദനാജനകം” എന്ന് നായകനോടു പറയുന്ന കഥാപാത്രത്തിനുപോലും സിനിമയിൽ ഒരു ഇടമുണ്ട്. അനാവശ്യമായി ഒരു ഷോട്ട് പോലും ഇല്ലാതെ, എന്നാൽ ഓരോ ഷോട്ടും സിനിമയെ മുന്നോട്ടുനയിക്കാനുതകുന്ന രീതിയിൽ സൂക്ഷ്മമമായി, അരികും മൂലയും പോലും ഇഴകീറി വരച്ചെടുക്കുന്ന രേഖാചിത്രം പോലെ തന്നെയാണ് ഈ ചലച്ചിത്രം.
സിനിമ പൂർത്തിയാക്കി ടാക്കീസിൽനിന്നും ഇറങ്ങിപ്പോരുമ്പോൾ ‘ഈ സിനിമ കാണുക എന്നത് ഇന്നത്തെ ഏറ്റവും മികച്ച തീരുമാനമായിരുന്നു’ എന്ന് ഒരു സംശയവുമില്ലാതെ നമുക്ക് പറയാൻ സാധിക്കും. ചുരുക്കത്തിൽ തിരക്കഥാരചനയിലെ ബ്രില്യൻസ് കൊണ്ട് മലയാള സിനിമാ ചരിത്രത്തിന്റെ രേഖാചിത്രമായി ഈ സിനിമ മാറുമെന്നതിൽ സംശയമില്ല.
സുനിഷ വി. എഫ്.