Tuesday, January 21, 2025

പ്രതിപക്ഷ ബഹിഷ്കരണത്തെ അവഗണിച്ച് മൊസാംബിക്കിന്റെ പുതിയ പ്രസിഡന്റ്  സത്യപ്രതിജ്ഞ ചെയ്തു

മൊസാംബിക്കിന്റെ പുതിയ പ്രസിഡന്റ് ഡാനിയേൽ ചാപ്പോ തലസ്ഥാനമായ മാപുട്ടോയിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 47 കാരനായ ചാപ്പോ തന്റെ ആദ്യ പ്രസിഡൻഷ്യൽ പ്രസംഗത്തിൽ, തിരഞ്ഞെടുപ്പിനുശേഷമുള്ള അക്രമങ്ങളാൽ മുറിവേറ്റ ഒരു രാജ്യത്ത് ഐക്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ എല്ലാ ഊർജവും വിനിയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിനുശേഷം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായി പ്രാദേശിക സിവിൽ സൊസൈറ്റി ഗ്രൂപ്പ് പറയുന്നു. സത്യപ്രതിജ്ഞയ്ക്കിടയിലുള്ള പ്രതിഷേധത്തിനിടെ ബുധനാഴ്ച എട്ടുപേരെ പൊലീസ് കൊലപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് നിരീക്ഷക ഗ്രൂപ്പായ പ്ലാറ്റഫോർമ ഡിസൈഡ് മേധാവി ഡോ. വിൽക്കർ ഡയസ് പറഞ്ഞു.

ചാപ്പോ അധികാരമേറ്റതിനെ ധിക്കരിച്ച് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാർഥി വെനൻസിയോ മൊണ്ട്‌ലെയ്‌നിന്റെ അനുയായികളായിരുന്നു ഇരകളിൽ ഭൂരിഭാഗവും. ഫ്രെലിമോ പാർട്ടിയുടെ 49 വർഷത്തെ ഭരണം നീട്ടിക്കൊണ്ട് 65% വോട്ടുകൾ നേടിയാണ് ചാപ്പോ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച മൊണ്ട്ലെയ്ൻ 24% വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. എന്നാൽ, ഫലം തള്ളിക്കളഞ്ഞ അദ്ദേഹം ഇത് കൃത്രിമമാണെന്ന് ആരോപിച്ചു. ഉദ്ഘാടന ദിവസം ‘ജനങ്ങളുടെ കള്ളന്മാർക്കെതിരെ’ സമരത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.

“ഞങ്ങൾ ഒരുമിച്ച് രാജ്യസ്‌നേഹവും മൊസാംബിക്കൻ എന്നതിൽ അഭിമാനവും വീണ്ടെടുക്കും” – കനത്ത സുരക്ഷയുള്ള ചടങ്ങിൽ 2500 ഓളം അതിഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ചാപ്പോ പറഞ്ഞു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കഴിവുകേടിന്റെയും ബന്ദിയായി തുടരാൻ മൊസാംബിക്കിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News