വെടിനിർത്തൽ കരാർ നിലവിൽവന്നതിനെ തുടർന്ന് നീണ്ട 471 ദിവസങ്ങൾക്കുശേഷം മൂന്ന് ഇസ്രായേലി ബന്ധികൾ മോചിതരായി. നിലവിൽ മൂന്ന് സ്ത്രീകളാണ് മോചിപ്പിക്കപ്പെട്ടത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് റെഡ് ക്രോസും അശുപത്രി അറിയിച്ചതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മോചിപ്പിക്കപ്പെട്ടതിനുശേഷം മൂന്നുപേരും അവരുടെ അമ്മമാരെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബന്ദികളെ കൈമാറുന്നതിനു മുന്നോടിയായി ഇസ്രായേൽ ഹെലികോപ്റ്റർ ഗാസ അതിർത്തിയിൽ എത്തിയിരുന്നു. തെക്കൻ ഇസ്രായേലിലെ റെയിം കിബ്ബട്ട്സിന്റെ പ്രാന്തപ്രദേശത്തുള്ള നിയുക്ത സ്വീകരണസ്ഥലത്താണ് ഇസ്രായേലി എയർഫോഴ്സ് ഹെലികോപ്റ്റർ എത്തിയത്.
ഗാസ അതിർത്തിയിൽനിന്ന് വളരെ അകലെയല്ലാതെ തെക്കൻ ഇസ്രായേലിലാണ് ഈ ഇടം. ഗാസയിൽനിന്ന് റെഡ് ക്രോസ് ബന്ദികളെ സ്വീകരിച്ച് ഇസ്രായേലിലെ ഒരു സഹകരണ കർഷകഗ്രാമമായ കിബ്ബറ്റ്സിൽവച്ചാണ് ഇസ്രായേലിനു കൈമാറിയത്.