വൈറ്റ് ഹൗസിലേക്കു മടങ്ങുന്നതിന്റെ തലേന്ന്, പ്രസിഡന്റാകുന്ന തന്റെ ആദ്യ ദിവസം തന്നെ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിടുമെന്ന് വാഗ്ദാനം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വാഷിംഗ്ടൺ ഡി. സി. യിലെ ഒരു ‘വിജയ റാലി’ യിൽ ആയിരക്കണക്കിനു വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് അടുത്ത നാലുവർഷങ്ങളുടെ പദ്ധതികൾ വാഗ്ദാനം ചെയ്യുകയും ഡെമോക്രാറ്റുകൾക്കെതിരായ തന്റെ നവംബറിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുകയും ചെയ്തു.
ഇന്ന് ചുമതലയേൽക്കുന്ന ട്രംപ് തന്റെ പ്രസിഡൻഷ്യൽ അധികാരങ്ങൾ ഉപയോഗിച്ച് കൂട്ട നാടുകടത്തൽ പ്രവർത്തനങ്ങൾ ആരംഭിക്കാനും പാരിസ്ഥിതിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കാനും വിവിധ തരത്തിലുള്ള പരിപാടികൾ അവസാനിപ്പിക്കാനും നിരവധി വിഷയങ്ങളിൽ ഏകപക്ഷീയമായി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു.
തിങ്കളാഴ്ച ഇരുനൂറിലധികം എക്സിക്യൂട്ടീവ് നടപടികളിൽ ട്രംപ് ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ നിയമപരമായി ബാധ്യതയുള്ള എക്സിക്യൂട്ടീവ് ഓർഡറുകളും സാധാരണയായി അല്ലാത്ത പ്രഖ്യാപനങ്ങൾ പോലെയുള്ള മറ്റ് പ്രസിഡൻഷ്യൽ നിർദേശങ്ങളും ഉൾപ്പെടും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകൾ വർധിപ്പിക്കുകയും ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ് (ഡോഗ്) രൂപീകരിക്കുകയും, 1963 ൽ ജോൺ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കുകയും അയൺ ഡോം മിസൈൽ പ്രതിരോധകവചം സൃഷ്ടിക്കാൻ സൈന്യത്തെ നയിക്കുകയും വൈവിധ്യം ഇല്ലാതാക്കുകയും ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവുകൾ ട്രംപ് വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം അമേരിക്കയിലെ സംസ്ഥാനങ്ങൾക്ക് കൈമാറുമെന്നും അദ്ദേഹം പിന്തുണക്കാരോട് പറഞ്ഞു.