യു. എസിനും മെക്സിക്കോയ്ക്കും ഇടയിൽ കുടിയേറ്റക്കാരെയും കള്ളക്കടത്തുകാരെയും കടത്താൻ ഉപയോഗിക്കുന്ന മറഞ്ഞിരിക്കുന്ന അതിർത്തി കടന്നുള്ള തുരങ്കം സീൽ ചെയ്യുമെന്ന് അറിയിച്ച് മെക്സിക്കൻ അതിർത്തി ഉദ്യോഗസ്ഥർ. മെക്സിക്കോയിലെ സിയുഡാഡ് ജുവാരസിനും ടെക്സാസിലെ എൽ പാസോയ്ക്കും ഇടയിൽ അതിർത്തിയുടെ ഇരുവശത്തുമായി 300 മീറ്റർ ടണൽ കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. ഔദ്യോഗിക കണക്കുകൾപ്രകാരം, കുറഞ്ഞത് ഒരുവർഷമെങ്കിലും എടുത്തിട്ടുണ്ടാകും അത് നിർമിക്കാൻ എന്നാണ് അറിയുന്നത്.
ഇതിന്റെ നിർമാണം പ്രാദേശിക ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ അന്വേഷിച്ചുവരികയാണ്. അധികാരത്തിലേറിയാൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുന്നോടിയായി അതിർത്തിയുടെ ഇരുവശത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തുരങ്കം തകരാതിരിക്കാൻ മരത്തടികൾ കൊണ്ട് ബലപ്പെടുത്തിയിരുന്നു. കൂടാതെ, വെളിച്ചവും വെന്റിലേഷനും സജ്ജീകരിച്ചിരുന്നു. ഇത്തരമൊരു ഘടന നിർമിക്കാൻ കുറഞ്ഞത് ഒരുവർഷമെങ്കിലും വേണ്ടിവരുമെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
തുരങ്കത്തിന്റെ നിർമാണത്തിൽ പ്രാദേശിക ഉദ്യോഗസ്ഥർ കൂട്ടുനിന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ മെക്സിക്കൻ അറ്റോർണി ജനറലിന്റെ ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സിയുഡാഡ് ജുവാരസിന്റെ സൈനിക ഗാരിസൻ കമാൻഡർ ജനറൽ ജോസ് ലെമസ് മെക്സിക്കൻ മാധ്യമങ്ങളോടു പറഞ്ഞു.
അനുമതിയില്ലാതെ യു. എസിൽ താമസിക്കുന്ന കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കാനും നാടുകടത്താനുമുള്ള റെയ്ഡുകൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.