ശ്രീലങ്കയ്ക്ക് പിന്നാലെ ഇറാനും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അവശ്യ സാധനങ്ങള്‍ക്ക് ഒറ്റയടിക്ക് നാലിരട്ടിവരെ വില ഉയര്‍ന്നതോടെയാണ് ഇറാനില്‍ ജനം തെരുവിലിറങ്ങിയത്. ഇറാനില്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ 31 പ്രവിശ്യകളിലും വലിയ പ്രക്ഷോഭം നടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറു കണക്കിന് പ്രക്ഷോഭകര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രധാനപ്പെട്ട പത്തു നഗരങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. 2019 ലാണ് ഇതിനു മുന്‍പ് ഇറാനില്‍ ജനകീയ സമരം ആളിക്കത്തിയത്.
കര്‍ശനമായ മാധ്യമ നിയന്ത്രണങ്ങള്‍ ഉള്ള ഇറാനില്‍ നിന്ന് വാര്‍ത്തകള്‍ അധികമൊന്നും പുറത്തേക്ക് വരുന്നില്ല. എന്നാല്‍, പ്രധാന നഗരങ്ങളില്‍ ആളിക്കത്തുന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
എട്ടു കോടിയിലേറെ ജനങ്ങളുള്ള ഏഷ്യന്‍ രാജ്യമായ ഇറാനില്‍ അവശ്യ വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്സിഡികള്‍ ഒറ്റയടിക്ക് നിര്‍ത്തിയതാണ് സ്ഥിതി ഗുരുതരമാക്കിയത്. പാചക എണ്ണയ്ക്കും പാലിനും ധാന്യങ്ങള്‍ക്കും ഒറ്റയടിക്ക് വില നാലിരട്ടി വരെ ഉയര്‍ന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയിക്കെതിരെയും പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്ക് എതിരെയും ജനങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുല്ലമാരുടെ ഭരണം വേണ്ട, ഏകാധിപതികള്‍ തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ മുഴങ്ങുന്നുണ്ട്.