വംശനാശഭീഷണി നേരിടുന്ന നാനൂറിലധികം കടലാമകൾ ചെന്നൈയ്ക്കു സമീപം കരയ്ക്കടിഞ്ഞു. ഒലിവ് റിഡ്‌ലി വിഭാഗത്തിൽപെട്ട കടലാമകളാണ് ചത്തൊടുങ്ങിയത്. സാധാരണ ഒരുവർഷം തീരപ്രദേശത്ത് 100 മുതൽ 200 വരെ കടലാമകൾ ചത്തൊടുങ്ങാറുണ്ട്. രണ്ടാഴ്ചയ്ക്കിടെ അതിനെക്കാളേറെ ആമകൾ ഉണ്ടായിട്ടുണ്ടെന്ന് ചെന്നൈ ആസ്ഥാനമായുള്ള സ്റ്റുഡന്റ്സ് സീ ടർട്ടിൽസ് കൺസർവേഷൻ നെറ്റ്‌വർക്കിന്റെ സന്നദ്ധപ്രവർത്തകനായ ശ്രാവൺ കൃഷ്ണൻ പറഞ്ഞു.
തീരത്ത് കൂടുകൂട്ടുന്ന ആമകളുടെ എണ്ണം കുറവാണെന്ന ആശങ്കയുമുണ്ട്. 2014 ൽ ദക്ഷിണേന്ത്യൻ തീരത്ത് 900 ലധികം ഒലിവ് റിഡ്‌ലി കടലാമകളെ ചത്ത നിലയിൽ കണ്ടെത്തിയതിനുശേഷം ഉദ്യോഗസ്ഥർ കണ്ട ഏറ്റവും ഉയർന്ന എണ്ണമാണ് ചെന്നൈയിലെ കടലാമകൾ. കടലിന്റെ അടിത്തട്ടിൽ വലിയ മത്സ്യബന്ധന വലകൾ കുടുങ്ങിയതാകാം മരണകാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.
വലയിൽ കുടുങ്ങിയ കടലാമകളെ വിട്ടുകിട്ടാൻ മത്സ്യത്തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഗ്രൂപ്പുകൾ സജീവമായി ശ്രമിക്കുന്നുണ്ടെന്നും മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ തീരസംരക്ഷണസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരത്തിലെ വൈൽഡ് ലൈഫ് വാർഡൻ മനീഷ് മീണ പറഞ്ഞു.