Wednesday, January 22, 2025

സർക്കാരിനോട് ചേർന്നുപ്രവർത്തിക്കാൻ തയ്യാറെന്ന് അറിയിച്ച് മൊസാംബിക് പ്രതിപക്ഷ നേതാവ്

തർക്കവിഷയമായ തിരഞ്ഞെടുപ്പിനെ തുടർന്ന് രാജ്യത്തെ ബാധിച്ച രാഷ്ട്രീയപ്രതിസന്ധി അവസാനിപ്പിക്കാൻ, പ്രസിഡന്റ് ഡാനിയൽ ചാപ്പോ തന്റെ ആവശ്യങ്ങൾ നിറവേറ്റുകയാണെങ്കിൽ സർക്കാറിനോടൊത്തു പ്രവർത്തിക്കാൻ തയ്യാറാണെന്ന് മൊസാംബിക്കിലെ പ്രധാന പ്രതിപക്ഷനേതാവ് വെനാൻസിയോ മൊണ്ട്‌ലെയ്ൻ. തിരഞ്ഞെടുപ്പിനുശേഷമുള്ള അശാന്തിയിൽ മുന്നൂറോളം പേരുടെ മരണത്തിനുശേഷം തങ്ങൾ അനുരഞ്ജനത്തിന് തയ്യാറായി എന്ന പ്രതീതി നൽകി ഇരുവരും ബി. ബി. സി. ക്കു നൽകിയ പ്രത്യേക അഭിമുഖങ്ങളിൽ തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചു.

65% വോട്ടുകൾ നേടിയ ചാപ്പോയെ മൊസാംബിക്കിലെ പരമോന്നത കോടതി വിജയിയായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മുൻഗാമിയായ ഫിലിപ്പെ ന്യൂസിക്ക് രണ്ടുതവണ അധികാരത്തിലിരുന്നശേഷം സ്ഥാനമൊഴിയേണ്ടിവന്നതിനാൽ, ഭരണകക്ഷിയായ ഫ്രെലിമോ പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു ചാപ്പോ. ജനുവരി 15 ന് ചാപ്പോ ഔദ്യോഗികമായി രാജ്യത്തിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ചാപ്പോ ഒരു സ്വയം പ്രഖ്യാപിത പ്രസിഡന്റ് ആണെന്ന് മൊണ്ടലെയ്ൻ പറഞ്ഞെങ്കിലും തന്റെ എതിരാളിയുടെ കാലാവധിയുടെ ആദ്യ 100 ദിവസത്തേക്ക് പ്രതിഷേധം താൽക്കാലികമായി നിർത്തിവയ്ക്കാൻ താൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ ചില നിബന്ധകൾ പ്രസിഡന്റിന്റെ മുമ്പാകെ അദ്ദേഹം വച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലത്തിനെതിരായ പ്രകടനങ്ങളിൽ പങ്കെടുത്തതിന് കസ്റ്റഡിയിലെടുത്ത അയ്യായിരത്തോളം പേരെ നിരുപാധികം വിട്ടയയ്ക്കണമെന്നും പ്രതിഷേധത്തിനിടെ പൊലീസിന്റെ വെടിയേറ്റു മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ ഇരുനൂറോളം പേർക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യണമെന്നുമാണ് നിബന്ധനകൾ. ചാപ്പോ ഇത് സമ്മതിച്ചാൽ ചർച്ചകൾക്കായി വഴിതുറക്കുമെന്നും അല്ലെങ്കിൽ തന്റെ അണികളുമായി പ്രതിശേഷം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ചാപ്പോയുടെ സർക്കാരിൽ പ്രവർത്തിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, “അതെ, എന്നോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടെങ്കിൽ സംഭാഷണമേശയിലേക്ക് എന്നെ ക്ഷണിക്കാൻ അദ്ദേഹത്തിന് അവസരമുണ്ട്” എന്നും മൊണ്ട്‌ലെയ്ൻ മറുപടി പറഞ്ഞു. തിരഞ്ഞെടുപ്പ് സൃഷ്ടിച്ച ഭിന്നതകൾ പരിഹരിക്കുമെന്ന് ഡാനിയൽ ചാപ്പോ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബി. ബി. സി. ക്കു നൽകിയ അഭിമുഖത്തിൽ, ‘എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ ഭരിക്കാൻ’ താൻ ആഗ്രഹിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് നിയമം, മനുഷ്യാവകാശങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ശ്രമിക്കുമെന്നും ചാപ്പോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News