മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ കാര്യമായ വർധനയുമായി മല്ലിട്ട് യുക്രൈൻ. നിലവിൽ യുദ്ധം നടക്കുന്ന ഇവിടെ ഇത്തരത്തിലൊരു സാഹചര്യം സംജാതമായത് രാജ്യത്തെ കൂടുതൽ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്ന കേസുകളിലാണ് കൂടുതൽ വെല്ലുവിളി നേരിടുക. ആന്റി മൈക്രോബയൽ റെസിസ്റ്റൻസിന്റെ (എ. എം. ആർ.) ഭയാനകമായ വർധനവ് രോഗകാരികളുടെ കേസുകളുടെ വർധനവിനു കാരണമായി. ഇത് ചികിത്സയെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു.
കീവിലെ ഫിയോഫാനിയ ആശുപത്രിയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. ആൻഡ്രി സ്ട്രോകന്റെ അഭിപ്രായത്തിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 80% രോഗികളും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധ നേരിടുന്നവരാണ്.
ജീവനക്കാരുടെ കുറവ്, രോഗികളുടെ നിരന്തരമായ ഒഴുക്ക് എന്നിവയെല്ലാം അണുബാധ പകരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇക്കാരണങ്ങളാൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുന്നു. സൂക്ഷ്മാണുക്കളുടെ പ്രജനനസാധ്യത കുറയ്ക്കുന്നതിനൊപ്പം രോഗികളുടെ ജീവൻ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സന്തുലിതമാക്കാൻ മെഡിക്കൽ പ്രൊഫഷണലുകൾ പാടുപെടുകയാണ്.
യുദ്ധം തുടരുമ്പോൾ,യുക്രൈനിലെ ആരോഗ്യസംരക്ഷണ സംവിധാനം വലിയ സമ്മർദത്തിലാണ്. കൂടാതെ, AMR ബാക്ടീരിയകളുടെ വർധനവ് പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നു. ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.