നാടുകടത്തപ്പെട്ട റൊളാൻഡോ അൽവാരസ് ബിഷപ്പായ മതഗൽപ്പ രൂപതയിൽപെട്ട സാൻ ലൂയിസ് ഗോൺസാഗ ഫിലോസഫിയുടെ മേജർ സെമിനാരി നിക്കരാഗ്വൻ സ്വേച്ഛാധിപത്യം കണ്ടുകെട്ടിയതായി ഗവേഷക മാർത്ത പട്രീഷ്യ മോളിന. 2024 ഡിസംബർ മുതലുള്ള ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, ഡാനിയൽ ഒർട്ടെഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും ഭരണകൂടം കത്തോലിക്കാ സഭയ്ക്കുനേരെ നടത്തിയത് ആയിരത്തോളം ആക്രമണങ്ങളാണ്.
“രൂപതയുടെ ഹൃദയമാണ് രൂപീകരണ ഭവനം. പൗരോഹിത്യ രൂപീകരണം പൂർണ്ണമായും നിർത്തലാക്കാനാണ് ഏകാധിപത്യ ഭരണകൂടം ഉദ്ദേശിക്കുന്നത്. അതിന്റെ ലക്ഷ്യം മാതഗൽപ്പ രൂപതയെ രാജ്യത്തുനിന്നും ഉന്മൂലനം ചെയ്യുക എന്നതുതന്നെയാണ്. ഇന്നലെ മുതൽ, അവർ രൂപതയിലെ വൈദികരുടെമേലുള്ള നിരീക്ഷണം വർധിപ്പിച്ചിരിക്കുകയാണ്” – ജനുവരി 20 ന് മോളിന തന്റെ എക്സ് അക്കൗണ്ടിൽ എഴുതി.
നിക്കരാഗ്വൻ പത്രമായ ലാ പ്രെൻസ പറയുന്നതനുസരിച്ച്, കണ്ടുകെട്ടിയ സമയത്ത് സെമിനാരിയിൽ ഏകദേശം 30 വൈദികാർഥികൾ ഉണ്ടായിരുന്നു. ജനുവരി 16 വ്യാഴാഴ്ച, സെമിനാരിക്കുപുറമെ മതഗൽപ്പ രൂപതയുടെ ഉടമസ്ഥതയിലുള്ള ലാ കാർട്ടുജ പാസ്റ്ററൽ സെന്ററും ഭരണകൂടം കണ്ടുകെട്ടി. “കണ്ടുകെട്ടിയ കെട്ടിടങ്ങൾ, ഭരണകൂടം ഒരു പൊതുകെട്ടിടമാക്കി മാറ്റാൻ ശ്രമം നടത്തും. അല്ലെങ്കിൽ അവർ ആ സ്വത്തുക്കൾ വിൽക്കുകയോ, ഒരു സ്കൂളാക്കി മാറ്റുകയോ ചെയ്യും. ഈ അധിനിവേശത്തിന്റെ ആത്യന്തികലക്ഷ്യം എന്താണെന്ന് ഞങ്ങൾക്കറിയില്ല” – മോളിന വെളിപ്പെടുത്തി.