പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദിനാൾ ക്ലാവുദിയോ ഗുജെറോത്തി ഉൾപ്പെട്ട പ്രതിനിധിസംഘം ജനുവരി 24 ന് സിറിയയിലേക്ക് തിരിക്കും. സിറിയയുടെ പുനർനിർമാണത്തെ പ്രോത്സാഹിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ അയക്കുന്ന പ്രതിനിധിസംഘമാണിത്.
“നിലവിലെ സാഹചര്യത്തിൽ, സിറിയയിലെ കത്തോലിക്കാ സഭയ്ക്ക് പരിശുദ്ധ പിതാവിന്റെ വാത്സല്യവും പിന്തുണയും അനുഭവവേദ്യമാക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യം. സ്വാതന്ത്ര്യത്തെയും മനുഷ്യാന്തസ്സിനെയും വൈവിധ്യത്തെയും മാനിച്ചുകൊണ്ട്, അഭിവൃദ്ധി ഉറപ്പുനൽകുന്ന സമാധാനപരമായ ഒരു പുനർനിർമാണം സാധ്യമാക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുന്നു”. വത്തിക്കാൻ ഡിക്കാസ്റ്ററി പ്രസ്താവനയിൽ പറയുന്നു.
സിറിയ സന്ദർശനവേളയിൽ ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ, കത്തോലിക്കാ വിശ്വാസികൾ എന്നിവരെ ഓരോ കത്തീഡ്രലുകളിലും പ്രതിനിധിസംഘം സന്ദർശിക്കും. ഡമാസ്കസിലും അലപ്പോയിലും കമ്മ്യൂണിറ്റി നേതാക്കൾ, പുരോഹിതന്മാർ, സമർപ്പിതർ, അൽമായർ, പ്രാദേശികസഭകളുടെ ചാരിറ്റി പ്രമോഷൻ ബോഡികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വത്തിക്കാൻ ഡിക്കാസ്റ്ററി നൽകുന്ന അജണ്ടപ്രകാരം ഹോംസ് നഗരത്തിൽ നടക്കുന്ന കത്തോലിക്കാ ബിഷപ്പുമാരുടെ പ്ലീനറി അസംബ്ലിയിലും കർദിനാൾ ഗുജെറോത്തി പങ്കെടുക്കും.