തെക്കുകിഴക്കൻ യുക്രേനിയൻ നഗരമായ സപ്പോരിജിയയിൽ റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയും ചൂടും നൽകുന്ന ഊർജസംവിധാനം ആക്രമണത്തിൽ നശിച്ചതായും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരിൽ രണ്ടുമാസം പ്രായമുള്ള ഒരു ശിശുവും ആക്രമണത്തിന്റെ ആദ്യതരംഗത്തോട് പ്രതികരിച്ച രക്ഷാപ്രവർത്തകരും ഉൾപ്പെടുന്നുവെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ കുറിച്ചു.
വ്യാഴാഴ്ച പുലർച്ചെ, പൊലീസും രക്ഷാപ്രവർത്തകരും, തകർന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നുപോകുകയും പ്രായമായ താമസക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുകയും ചെയ്തു. ഒരു കെട്ടിടം തകരുകയും 30 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി യുക്രൈൻ ഗവർണർ ഇവാൻ ഫെഡോറോവ് പറഞ്ഞു.