എണ്ണയുടെ വില കുറയ്ക്കാൻ സൗദി അറേബ്യയോടും മറ്റ് ഒപെക് രാജ്യങ്ങളോടും ആവശ്യപ്പെട്ട് ട്രംപ്. അല്ലെങ്കിൽ താരിഫ് ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ എക്സിക്യൂട്ടീവുകളോട് നടത്തിയ പ്രസംഗത്തിൽ, തെരഞ്ഞെടുപ്പിനുമുമ്പ് എണ്ണവില കുറയ്ക്കണമെന്ന് ഒപെക് രാജ്യങ്ങളോട് താൻ ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞു. “ഇപ്പോൾ വില ഉയർന്നതാണ്” – റഷ്യ-യുക്രൈൻ യുദ്ധത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഉയർന്ന എണ്ണവില യുക്രൈനെതിരെ പോരാടാനുള്ള, യുദ്ധത്തിനുള്ള ധനസഹായം നിലനിർത്താൻ സഹായിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“നിങ്ങൾ എണ്ണ വില കുറയ്ക്കണം. അത് ആ യുദ്ധം അവസാനിപ്പിക്കും. അങ്ങനെ നിങ്ങൾക്ക് ആ യുദ്ധം അവസാനിപ്പിക്കാം” – അദ്ദേഹം പറഞ്ഞു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ബുധനാഴ്ച സംസാരിച്ചതിനുശേഷമാണ് എണ്ണവിലയെക്കുറിച്ച് പ്രസിഡന്റിന്റെ അഭിപ്രായം. സൗദി സ്റ്റേറ്റ് മീഡിയ പറയുന്നതനുസരിച്ച്, അടുത്ത നാലു വർഷത്തിനുള്ളിൽ യു. എസിൽ 600 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ബിൻ സൽമാൻ പറഞ്ഞിരുന്നു. എന്നിരുന്നാലും ഫോൺസംഭാഷണത്തിനു ശേഷമുള്ള വൈറ്റ് ഹൗസ് പ്രസ്താവനയിൽ ഈ കണക്ക് പരാമർശിച്ചിട്ടില്ല.