പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ട് 23 പ്രോലൈഫ് പ്രവർത്തകർക്ക് മാപ്പ് നൽകി യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡി. സി. യിൽ നടക്കാനിരിക്കുന്ന മാർച്ച് ഫോർ ലൈഫിന്റെ തലേദിവസം വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽവച്ചാണ് പ്രസിഡന്റ് ട്രംപ് മാപ്പ് നൽകിയതായി അറിയിച്ചതെന്ന് പ്രോലൈഫ് സംഘടനയായ തോമസ് മോർ സൊസൈറ്റി അറിയിച്ചു.
ഫെഡറൽ ഫ്രീഡം ഓഫ് ആക്‌സസ് ടു ക്ലിനിക് എൻട്രൻസ് (ഫേസ്) നിയമവും അവകാശങ്ങൾക്കെതിരായ ഗൂഢാലോചനാചട്ടവും ലംഘിച്ചതിന് അറസ്റ്റിലായ പ്രോലൈഫ് പ്രവർത്തകർക്ക് മാപ്പ് നൽകണമെന്ന് മതസ്വാതന്ത്ര്യ നിയമസ്ഥാപനം, അധികാരത്തിൽ ഏറുന്നതിനുമുൻപേ തന്നെ ട്രംപിനോട് അപേക്ഷിച്ചിരുന്നു.
അബോർഷൻ ക്ലിനിക്കുകളിൽ പ്രതിഷേധം നടത്തിയതിനെത്തുടർന്ന് ശിക്ഷിക്കപ്പെട്ട് തടവിലാക്കപ്പെട്ടവരിൽ പലരും പ്രായമായവരും ആരോഗ്യം മോശമായവരുമായിരുന്നു. തടവിലാക്കപ്പെട്ട ഇവരിൽ പലരും ഗർഭസ്ഥശിശുക്കൾക്കുവേണ്ടി ധീരമായി നിലകൊണ്ടതിന്റെ പേരിൽ തടവിലാക്കപ്പെട്ടവരാണ്.