വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ബേഗൂർ റെയിഞ്ച് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് യുവതിയെ കടുവ ആക്രമിച്ചത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അപ്പച്ചന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്. രാവിലെ 11.15 ഓടെയാണ് സംഭവമെന്നാണ് കരുതുന്നത്.
രാവിലെ പരിശോധനയ്ക്കെത്തിയ തണ്ടർബോൾട്ട് അംഗങ്ങളാണ് പാതി ഭക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ടത്. എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തോട് ചേർന്ന സ്വകാര്യ കാപ്പി തോട്ടത്തിൽ കാപ്പിക്കുരു പറിക്കാൻ പോയപ്പോഴാണ് ആക്രമണം. രാധയെ കൊന്നശേഷം ശരീരം വലിച്ചിഴച്ചു കൊണ്ടുപോയതായാണ് വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വനംവകുപ്പിലെ താൽകാലിക ജീവനക്കാരനാണ് അപ്പച്ചൻ.