മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച കടുവയെ വെടിവയ്ക്കാൻ ഉത്തരവിട്ടെന്ന് വനം മന്ത്രി. ആവശ്യമായ നടപടി വേഗത്തിൽ സ്വീകരിക്കുമെന്നും മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. വെടിവച്ചോ, അല്ലാതെയോ കടുവയെ പിടികൂടാനാണ് നിർദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
ബേഗൂർ റെയിഞ്ച് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് യുവതിയെ കടുവ ആക്രമിച്ചത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അപ്പച്ചന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവമെന്നാണ് കരുതുന്നത്.
രാവിലെ പരിശോധനയ്‌ക്കെത്തിയ തണ്ടർബോൾട്ട് അംഗങ്ങളാണ് പാതി ഭക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ടത്. എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തോടു ചേർന്ന സ്വകാര്യ കാപ്പിത്തോട്ടത്തിൽ കാപ്പിക്കുരു പറിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. മൃതദേഹം സമീപത്തെ എസ്റ്റേറ്റ് ഓഫീസിലേക്കു മാറ്റി. ഇവിടെനിന്നും മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.