2023 ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിൽ ബന്ദികളാക്കിയ നാല് ഇസ്രായേലി വനിതാ സൈനികരും തങ്ങളുടെ കുടുംബാംഗങ്ങളുമായി കൂടിച്ചേർന്നു. ഹമാസുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടത്തിൻ്റെ ഭാഗമായി ശനിയാഴ്ച ഇസ്രയേലിലേക്കു മടങ്ങിയ നാല് വനിതാ സൈനികർക്കുപകരം ഇരുനൂറോളം പലസ്തീൻ തടവുകാരെ വിട്ടയച്ചു. നീണ്ട 15 മാസങ്ങൾക്കുശേഷം പ്രിയപ്പെട്ടവരെ കണ്ടുമുട്ടിയപ്പോൾ സമ്മിശ്രവികാരമായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നത്.
സൈനികരായ ലിറി ആൽബാഗ്, കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി എന്നിവരാണ് മോചിതരായത്. സൈന്യം പിന്നീട് അവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി.
മോചിപ്പിച്ച ബന്ദികൾ ആരോഗ്യവതികളാണെന്നും എന്നാൽ അവർക്ക് സമഗ്രമായ മെഡിക്കൽ പിന്തുണ നൽകുന്നത് തുടരുമെന്നും അവരെ പ്രവേശിപ്പിച്ച ബെയ്ലിൻസൺ ഹോസ്പിറ്റലിൻ്റെ ഡയറക്ടർ ഡോ. ലെന കോറൻ ഫെൽഡ്മാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം ഒരാഴ്ച മുമ്പ് ആരംഭിച്ച യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ വെടിനിർത്തൽ കരാർപ്രകാരം മോചിപ്പിക്കപ്പെട്ട ബന്ദികളുടെ രണ്ടാമത്തെ സംഘമായിരുന്നു അവർ.