കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധതരം ആയുധങ്ങൾ ഉപയോഗിച്ചുള്ള നൂറുകണക്കിന് റഷ്യൻ ആക്രമണങ്ങളാണ് യുക്രൈൻ നേരിട്ടത്. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞതെന്ന് യുക്രൈൻ ഫോം എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു.
“കഴിഞ്ഞ ആഴ്‌ചയിൽ വിവിധതരം ആയുധങ്ങളുപയോഗിച്ചുള്ള നൂറുകണക്കിന് റഷ്യൻ ആക്രമണങ്ങൾ യുക്രൈൻ നേരിട്ടു. ഏകദേശം 1250 ഏരിയൽ ബോംബുകൾ, 750 ലധികം ആക്രമണ ഡ്രോണുകൾ, വ്യത്യസ്ത തരത്തിലുള്ള ഇരുപതിലധികം മിസൈലുകൾ. നിശ്ചയദാർഢ്യത്തിനു മാത്രമേ ഇത്തരം തീവ്രവാദികളെ തടയാൻ കഴിയൂ” – സെലിൻസ്കി പോസ്റ്റ് ചെയ്തു.
രാജ്യത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ തകർക്കാനുള്ള റഷ്യയുടെ കഴിവ് കുറയ്ക്കുന്നതിനും യുക്രൈൻ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് സെലെൻസ്കി ഊന്നിപ്പറഞ്ഞു. യുക്രൈനുള്ള ഭാവി സുരക്ഷാ ഗ്യാരന്റിയിൽ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അമേരിക്കയിൽ നിന്നുമുള്ള പ്രതിബദ്ധതകൾ ഉൾപ്പെടുത്തണമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.