ലോകത്തെ ആശങ്കയിലാഴ്ത്തി യൂറോപ്പില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ യുകെ, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലാണ് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കയില്‍ മാത്രം കണ്ട് വന്നിരുന്ന ഈ രോഗം യൂറോപ്പിലേക്കും വ്യാപിച്ചത് വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. വളരെ അപൂര്‍വമായി മാത്രമാണ് ഈ രോഗം ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രോഗലക്ഷണങ്ങള്‍
കുരങ്ങുപനി വൈറസ് മൂലമുണ്ടാവുന്ന രോഗമാണ്. പനി തന്നെയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. ശരീരത്തില്‍ അങ്ങിങ്ങായി തടിപ്പും ചുണങ്ങും രൂപപ്പെടുന്നതാണ് മറ്റൊരു പ്രധാന രോഗലക്ഷണം. സാധാരണഗതിയില്‍ കുരങ്ങുപനി അത്ര ഗുരുതരമാവാറില്ല. രണ്ട് രീതിയിലുള്ള കുരങ്ങുപനികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നാമത്തേത് കോംഗോ കുരങ്ങുപനിയാണ്. ഇത് കൂടുതല്‍ ഗുരുതരമാവാറുണ്ട്. 10 ശതമാനം വരെ മരണനിരക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ രോഗം വന്നവരില്‍ ഭൂരിപക്ഷവും ഗേ, ബൈ സെക്ഷ്വല്‍, എന്നിവരിലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കുന്നു. ഇത്തരം ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരില്‍ രോഗം പകരുന്നതിന് ശാസ്ത്രീയമായി എന്തെങ്കിലും കാരണം ഉണ്ടോയെന്ന് മെഡിക്കല്‍ ലോകം പഠനം നടത്തുകയാണ്.
പകരുന്നത് എങ്ങനെ?
മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ അടുത്ത ബന്ധത്തിലൂടെയും രോഗം പകരും. 1958ല്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. അത് കൊണ്ട് തന്നെയാണ് കുരങ്ങുപനി എന്ന് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ രോഗം പകരുന്ന രീതി എങ്ങനെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വ്യാപനത്തിന് കാരണം
കോവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയതിന് ശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാവും രോഗം വ്യാപിച്ചതെന്നാണ് നിഗമനം. വസൂരി വിഭാഗത്തില്‍ പെടുന്നതാണ് കുരങ്ങുപനിയെന്നത് ആരോഗ്യരംഗത്തെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 1980ല്‍ വസൂരി ലോകത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുള്ള രോഗമാണ്. വസൂരിക്കെതിരായ വാക്സിനേഷന്‍ കുരങ്ങുപനിക്കെതിരെയും ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. എങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യസംഘടനകളുടെ മുന്നറിയിപ്പ്.