Thursday, January 30, 2025

ഭയമുണ്ടെങ്കിലും ഭൂഗർഭ സ്‌കൂളുകളിൽ വിദ്യാഭ്യാസം നേടി ഉക്രൈനിലെ കുരുന്നുകൾ

2022 ഫെബ്രുവരിയിൽ പൊട്ടിപ്പുറപ്പെട്ട ഉക്രെയ്നിലെ യുദ്ധം ഏകദേശം നാലു ദശലക്ഷം കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തി. രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികളിൽ ഭൂരിഭാഗത്തിന്റെയും വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയിരുന്നു. എങ്കിലും ഏകദേശം 6,00,000 ഉക്രൈൻ വിദ്യാർഥികൾ ഇപ്പോൾ വിദൂരമായി പഠിക്കുന്നു. ആക്രമണ സാധ്യത കാരണം സ്‌കൂളിൽ പോകാൻ കഴിയാതെ അവരുടെ സുഹൃത്തുക്കളെയും അധ്യാപകരെയും കാണാൻ കഴിയാതെ വീർപ്പുമുട്ടുകയാണിവർ. മിക്കവാറും ഉക്രൈനിലെ എല്ലാ സ്‌കൂളുകളും മുൻനിര യുദ്ധം നടക്കുന്ന ഭാഗത്താണ്. അതുകൊണ്ടുതന്നെ ബോംബാക്രമണത്തിനു സാധ്യത വളരെ കൂടുതലുമാണ്. എത്ര വലിയ സംരക്ഷണ കേന്ദ്രങ്ങളുണ്ടായാലും ഭയന്ന് വിദ്യാഭ്യാസം നേടേണ്ടി വരുന്ന അവസ്ഥയാണ് നിലവിൽ.

ഉക്രൈനിന്റെ തെക്ക്, കിഴക്ക്, വടക്ക് ഭാഗങ്ങളിൽ സംഘർഷ ബാധിത പ്രദേശങ്ങളിൽ കുട്ടികളും മുതിർന്നവരുമുള്ള കുട്ടികളുമൊത്ത് സേവ് ദി ചിൽഡ്രൻ നടത്തിയ ഒരു പുതിയ പഠനം കാണിക്കുന്നത് മിക്ക കുട്ടികൾക്കും സ്‌കൂളിൽ വന്നു പഠിക്കാനുള്ള അവകാശമില്ല എന്നതാണ്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നതായി മിക്ക രക്ഷിതാക്കളും ആശങ്കപ്പെട്ടു. എയർ റെയ്‌ഡ് അലേർട്ടുകൾ കാരണം പഠനം തടസ്സപ്പെട്ടതും സമപ്രായക്കാരുമായുള്ള സമ്പർക്കമില്ലായ്മയും പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടുന്നു. കുഞ്ഞുങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്ന സ്‌കൂൾ അന്തരീക്ഷത്തിന്റെ അഭാവം അവരിൽ വലിയ ആഘാതം തന്നെയാണുണ്ടാക്കുന്നത്.

പവർകട്ടും ഇൻ്റർനെറ്റ് കണക്റ്റിവിറ്റി നഷ്‌ടവും കാരണം ഓൺലൈനായി മാത്രം പഠിക്കുന്ന കുട്ടികൾക്ക് വലിയ അളവിൽ പഠനസമയം നഷ്ടപ്പെടുന്നതും ഓൺലൈൻ സംവിധാനത്തിലൂടെ പഠിക്കുന്ന കുട്ടികളുടെ വിദ്യഭ്യാസത്തിനു ഭീഷണിയായി നിലകൊള്ളുന്നു. കുട്ടികളുടെ അക്കാദമിക് പ്രകടനത്തിൽ ഉക്രൈനിലെ യുദ്ധത്തിന്റെ ദീർഘകാല ആഘാതം ഇതിനകം തന്നെ 2024 ൽ ഉക്രെയ്നിലെ വിദ്യാഭ്യാസ നിലവാരത്തിനായുള്ള സ്റ്റേറ്റ് സർവീസ് നടത്തിയ ഒരു വിലയിരുത്തലിൽ കാണാൻ കഴിയും. ആറാം ക്ലാസിലെ പരീക്ഷാഫലം നേരിയ പുരോഗതി കാണിച്ചപ്പോൾ, എട്ടാം ക്ലാസുകാരുടെയും വിദൂര പഠനം തുടരുന്ന വിദ്യാർഥികളുടെയും നില വളരെ പരിതാപകരമാണ്.

കൂടുതൽ കുട്ടികൾക്ക് മുഖാമുഖ പഠനം നൽകാനുള്ള ശ്രമത്തിൽ, ഉക്രൈനിലെ നഗരങ്ങൾ തീവ്രമായ ദൈനംദിന ആക്രമണങ്ങൾക്ക് വിധേയമായി ഭൂഗർഭ സ്കൂളുകൾ നിർമ്മിക്കാൻ തുടങ്ങുകയാണ്. 2025 സെപ്‌റ്റംബറോടെ 150-ലധികം ഭൂഗർഭ വിദ്യാഭ്യാസ സൗകര്യങ്ങൾ തുറക്കാൻ ഉക്രൈൻ പദ്ധതിയിടുന്നതായി ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി നാദിയ കുസ്മിചോവ പറഞ്ഞു.

139 ഭൂഗർഭ സ്കൂളുകളും നിരവധി ഡസൻ അണ്ടർഗ്രൗണ്ട് വൊക്കേഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിക്കാനുള്ള പദ്ധതികൾ ഉക്രൈൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിലവിൽ 79 ഭൂഗർഭ വിദ്യാഭ്യാസ സൗകര്യങ്ങൾ സജീവമായ നിർമ്മാണത്തിലാണ്. മുൻനിര പ്രദേശങ്ങളിലും റഷ്യൻ ഷെല്ലാക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലും നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

“2025 സെപ്റ്റംബർ ഒന്നിനകം എല്ലാ സൗകര്യങ്ങളുടെയും നിർമ്മാണം പൂർത്തിയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കുസ്മിചോവ പറഞ്ഞു. 2023 ലെ 256 വിദ്യാഭ്യാസ സൗകര്യങ്ങളെ അപേക്ഷിച്ച് 2024 ൽ ഉക്രെയ്‌നിലെ 576 വിദ്യാഭ്യാസ സൗകര്യങ്ങൾ – സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.

വിദ്യാഭ്യാസ സൗകര്യങ്ങൾക്ക് നേരെയുള്ള നിരന്തരമായ ആക്രമണങ്ങൾ കുട്ടികളെ സ്‌കൂളിൽ അയയ്‌ക്കുന്നതിൽ നിന്ന് മാതാപിതാക്കളെ ഭയപ്പെടുത്തുന്നു. ഇതിനെല്ലാം ആശ്വാസമായി വടക്കുകിഴക്കൻ ഉക്രൈനിലെ ഖാർകിവ് നോവോബവർസ്കി ജില്ലയിൽ നിലവിൽ രണ്ടാമത്തെ സ്‌കൂൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നിലവിൽ കുട്ടികൾക്ക് ദിവസത്തിൽ കുറച്ച് മണിക്കൂറെങ്കിലും മുഖാമുഖ ക്ലാസുകളും സുഹൃത്തുക്കളുമായും സഹപാഠികളുമായും സംവദിക്കാനുള്ള അവസരവും അനുവദിക്കുന്നുണ്ട്.

യുദ്ധത്തിന്റെ കെടുതിയും അനന്തര ഫലങ്ങളും ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരാണ് ഈ കുഞ്ഞുങ്ങൾ. ഇവർക്കുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും മുറിവുകളും ഉണക്കാൻ വിദ്യാഭ്യാസത്തിലൂടെ സാധിക്കട്ടെ. നേടിയെടുക്കുന്ന വിദ്യാഭ്യാസത്തിന്റെ വെളിച്ചം നാളെ ഇനിയൊരു യുദ്ധം ഈ ലോകത്തുണ്ടാകാതിരിക്കാൻ വേണ്ടി പ്രയത്നിക്കാൻ ഈ കുഞ്ഞുങ്ങളെ പ്രാപ്തരാക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News