Friday, January 31, 2025

1985 ലെ എയർ ഇന്ത്യ ബോംബാക്രമണത്തിൽ സിഖ് ആക്ടിവിസ്റ്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

1985 ലെ എയർ ഇന്ത്യ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സിഖ് വ്യവസായി റിപുദാമൻ സിംഗ് മാലിക്കിനെ കൊലപ്പെടുത്തിയ കേസിൽ 24 കാരനായ ടാനർ ഫോക്‌സിനെ 20 വർഷത്തെ പരോൾ കൂടാതെയുള്ള ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഫോക്സും കൂട്ടുപ്രതി ജോസ് ലോപ്പസും ഒക്ടോബറിൽ രണ്ടാം ഘട്ട അന്വേഷണത്തിൽ കുറ്റം സമ്മതിച്ചു. ലോപ്പസിന്റെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

2022 ജൂലൈയിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽവച്ച് വെടിയേറ്റാണ് മാലിക് കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രിതമായ ഒന്നായിരുന്നു. കൊല നടത്തിയ  ഫോക്‌സും ലോപ്പസും വാടകക്കൊലയാളികളായിരുന്നു എന്ന് പ്രോസിക്യൂട്ടർ മാത്യു സ്റ്റേസി പറഞ്ഞു.

329 പേരുടെ മരണത്തിനിടയാക്കിയ 1985 ലെ എയർ ഇന്ത്യ സ്‌ഫോടനം കാനഡയിലെ ഏറ്റവും വലിയ ഭീകരാക്രമണമായി ഇപ്പോഴും നിലകൊള്ളുന്നു. 2005 ൽ വിശ്വസനീയമായ തെളിവുകളുടെ അഭാവത്തിൽ മാലിക്കിനെയും കൂട്ടുപ്രതി അജൈബ് സിംഗ് ബാഗ്രിയെയും കോടതി വെറുതെവിട്ടിരുന്നു.

“ഞാനുണ്ടാക്കിയ എല്ലാ വേദനകൾക്കും ഞാൻ ഖേദിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് ഫോക്സ് കോടതിയിൽ തന്റെ പ്രവർത്തികൾക്ക് ക്ഷമാപണം നടത്തി. തായ്‌ലൻഡിൽ ജനിച്ച് മൂന്നാം വയസ്സിൽ ദത്തെടുത്തതുൾപ്പെടെ ഫോക്‌സിന്റെ പ്രശ്‌നകരമായ ഭൂതകാലം കുറ്റകൃത്യത്തിൽ പങ്കാളിയാകാൻ കാരണമായിരിക്കാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ റിച്ചാർഡ് ഫൗളർ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News