ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊല ജനുവരി അവസാനത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഡിസംബറിൽ നടന്ന ആക്രമണപരമ്പരയിലെ ഏറ്റവും മാരകമായ ആക്രമണമാണിത്. നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തിന് അന്താരാഷ്ട്രമാധ്യമങ്ങൾപോലും വേണ്ടത്ര വാർത്താപ്രാധാന്യം കൊടുക്കുന്നില്ല.
നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ ഗ്ബോക്കോ രൂപതയിലാണ് ക്രിസ്തുമസ് ദിനത്തിൽ ആക്രമണമുണ്ടായതെന്ന് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ. സി. എൻ.) റിപ്പോർട്ട് ചെയ്യുന്നു. അജ്ഞാതരായ ഒരു സംഘം അക്രമികൾ അൻവാസെ പട്ടണത്തിൽ റെയ്ഡ് നടത്തി ഇടവകയിലെ 47 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി. മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ജീവനാണ് ആ ആക്രമണത്തിൽ അപഹരിക്കപ്പെട്ടത്. സെന്റ് മേരീസ് ഇടവകയിലെ പള്ളി, ക്ലിനിക്ക്, സ്കൂൾ കെട്ടിടങ്ങൾ, ഇടവക കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ എട്ട് കെട്ടിടങ്ങളും അക്രമികൾ അഗ്നിക്കിരയാക്കി.
ഏത് ഗ്രൂപ്പാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് വ്യക്തമല്ലെങ്കിലും ഫുലാനി തീവ്രവാദികളും ഗ്രാമത്തിൽ സ്ഥിരതാമസമാക്കിയ ക്രിസ്ത്യൻ കർഷകരും തമ്മിലുള്ള സംഘർഷമാണ് മേഖലയിലെ മിക്ക അക്രമങ്ങൾക്കും കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. സമീപ ദശകങ്ങളിൽ എന്നത്തെക്കാളും ഉയർന്ന തോതിലുള്ള അക്രമങ്ങൾ ഗ്ബോക്കോ രൂപതയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ക്രിസ്തുമസ് ദിനത്തിലെ ആക്രമണത്തിനുമുമ്പ്, 2024 ൽ നൂറ് കൊലപാതകങ്ങൾ പോലും നടന്നിട്ടില്ലെന്ന് രൂപത അഭിപ്രായപ്പെട്ടു.