കേരളത്തിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് നേർപകുതിയാക്കി ചുരുക്കിയത് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കടുത്ത ന്യുനപക്ഷവിരുദ്ധ സമീപനമാണ് കാണിക്കുന്നത്. ഈ മാസം 15 നാണ് 50% വെട്ടിക്കുറച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. പല കുട്ടികളുടെയും പഠനംപോലും മുടങ്ങുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പിണറായി സർക്കാരിന്റെ ഇരുട്ടടിയാണിത്. പഠനം മുടങ്ങുമെന്ന ആശങ്കയിൽ നിരവധി വിദ്യർഥികളാണ് ഇതു മൂലം കഷ്ടപ്പെടുന്നത്.
ന്യൂനപക്ഷങ്ങളോടുള്ള ഇടതുസർക്കാർ വാഗ്ദാനങ്ങൾ വെറും വാചകമടിയായി മാറി. സ്വപ്നങ്ങൾ വിറ്റ് വിജയം നേടിയവർക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെങ്കിൽ കുറച്ചു ആത്മാർഥതയെങ്കിലും ന്യൂനപക്ഷവിദ്യാർഥികളോട് കാണിക്കണം. ന്യൂനപക്ഷങ്ങളോടുള്ള ഇത്തരം സമീപനങ്ങൾ വിജയിക്കില്ല എന്ന് സർക്കാർ തിരിച്ചറിയണം. ഇതിനു വലിയ വിലതന്നെ കൊടുക്കേണ്ടിവരും.
ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ചരിത്രവും അവരുടെ അവകാശങ്ങളും വെട്ടിമാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്ന ആരോപണം ആവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സി. പി. എമ്മും നേതൃത്വം നല്കുന്ന ഇടതുസര്‍ക്കാരാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. സ്കോളർഷിപ്പ് തുക വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തിൽ ചരിത്രത്തിൽതന്നെ അപൂർവമാണ്. 50% വെട്ടിക്കുറച്ച തുകയിൽ നിന്നുപോലും നൽകിയിരിക്കുന്നത് വെറും 2.69% ആണെന്ന് പ്ലാനിംഗ് ബോർഡ് രേഖകളും വ്യക്തമാക്കുന്നു.
സാമ്പത്തികഞെരുക്കത്തിന്റെ പേരിലാണ് ധനവകുപ്പ്, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകുല്യം വെട്ടിക്കുറച്ചതും തടഞ്ഞുവച്ചിരിക്കുന്നതും. 87.63 കോടി രൂപ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് സ്കോളര്‍ഷിപ്പ് നല്കാന് 2024-25 ലെ പദ്ധതിയില്‍ വകയിരുത്തിയിരുന്നെങ്കിലും സാമ്പത്തികവര്‍ഷം തീരാന്‍ രണ്ടുമാസം മാത്രം ബാക്കിയിരിക്കെ ചെലവഴിച്ചത് കേവലം 1.39 ശതമാനം തുക മാത്രം. സി. എ./ഐ. സി. ഡബ്ല്യു. എ. കോഴ്സ് ചെയ്യുന്നവര്‍ക്ക് 97 ലക്ഷം രൂപ സ്കോളര്‍ഷിപ്പിന് വകയിരുത്തിയിട്ട് ഒരു രൂപപോലും കൊടുത്തിട്ടില്ല.
മൂന്നുവര്‍ഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്യുന്നവര്‍ക്ക് അനുവദിച്ച 82 ലക്ഷം രൂപയില്‍ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. കരിയര്‍ ഗൈഡന്‍സിന് 1.20 കോടി, നൈപുണ്യ പരിശീലനത്തിന് 5.82 കോടി, പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് 20 കോടി, നഴ്സിങ്/പാരാ മെഡിക്കല്‍ കോഴ്സ് ചെയ്യുന്നവര്‍ക്ക് സ്കോളര്‍ഷിപ്പിന് 68 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിരുന്നെങ്കിലും ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് അനുവദിച്ച തുക ചെലവഴിക്കാതെ തടഞ്ഞുവച്ചത് എന്തിനെന്ന് അന്വേഷിക്കണം. ധൂര്‍ത്തും മേളകളും ഹെലികോപ്റ്റർ യാത്രയും നടത്തി കോടികള്‍ പൊടിപൊടിക്കുന്ന ഇടതുസര്‍ക്കാര്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് അനുവദിച്ച തുക ചെലവഴിക്കാതെ തടഞ്ഞുവച്ചതും വെട്ടിക്കുറച്ചതും എന്തിനെന്ന ചോദ്യം പൊതുസമൂഹത്തിൽ ഉയരുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷ സ്കോളർഷിപ്പ് നൽകാനുള്ള ഫണ്ടിൽനിന്ന് കാറുകൾ വാങ്ങാനും മറ്റുമായി ഫണ്ട് വകമാറ്റിയത് ആറുമാസം മുൻപേ സി. എ. ജി. റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടും സാമ്പത്തികപരാധീനത കാരണം പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകേണ്ട പദ്ധതികളാണ് സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാട് മൂലം ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ഇത്തരം തുഗ്ളക്ക് മോഡൽ ഫണ്ട് വെട്ടികുറയ്ക്കലുകളിൽ നിന്നും സ്വേച്ഛാധിപത്യ പ്രവണതകളിൽനിന്നും ഇടതുസർക്കാർ പിന്മാറണമെന്ന് സീറോമലബാർ സഭാ അൽമായ ഫോറം ആവശ്യപ്പെടുന്നു.
ടോണി ചിറ്റിലപ്പിള്ളി, അൽമായ ഫോറം സെക്രട്ടറി