Saturday, February 1, 2025

ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ – ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന

പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് 15000 രൂപ വീതം നൽകുന്ന മദർതെരേസ സ്‌കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെന്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് വകയിരുത്തിയ തുക അമ്പത് ശതമാനമായി കേരള സർക്കാർ വെട്ടിക്കുറച്ചിരിക്കുകയാണ്. അർഹരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന സഹായമായി ലഭിക്കേണ്ട ഏഴുകോടിയോളം രൂപയാണ് നഷ്ടമാകുന്നത്.

ഇതിനകം അപേക്ഷ അംഗീകരിക്കപ്പെട്ടിരിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നിഷേധിക്കപ്പെടാനും ഈ അപ്രതീക്ഷിത തീരുമാനം വഴിയൊരുക്കും. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ ശുപാർശകൾ പ്രകാരം കൂടുതൽ പഠന സഹായങ്ങൾ ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് അനുവദിക്കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന കാലത്തുതന്നെ ക്രൈസ്തവ വിഭാഗങ്ങൾക്കുകൂടി അവകാശപ്പെട്ട ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി തുക ഗണ്യമായി വെട്ടിക്കുറച്ച സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. സാമുദായിക പിന്നാക്കാവസ്ഥ നേരിടുന്നവരും പഠനത്തിൽ മുന്നിട്ടു നിൽക്കുന്നവരുമായ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് സഹായകരമായ പ്രസ്തുത സ്‌കോളർഷിപ്പുകൾ തടസ്സങ്ങൾ കൂടാതെ ലഭ്യമാക്കാൻ സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവനയിലൂടെ കെസിബിസി വിദ്യാഭ്യാസ, ജാഗ്രത കമ്മീഷനുകൾ ആവശ്യപ്പെടുന്നു.

ഫാ. ആന്റണി വക്കോ അറയ്ക്കൽ, സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

ഫാ. മൈക്കിൾ പുളിക്കൽ CMI, സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News