‘ബീജിംഗ് മിലിട്ടറി സിറ്റി’ എന്ന പേരിൽ ചൈന ഒരു വലിയ സൈനിക കമാൻഡ് സെന്റർ നിർമ്മിക്കുന്നു എന്ന വിവരം പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ ചൈന ഒരു മൂന്നാം ലോക മഹായുദ്ധത്തിന് ഒരുങ്ങുകയാണോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ബീജിംഗിന്റെ പ്രാന്തപ്രദേശത്ത് നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഈ സൗകര്യം, പെന്റഗണിന്റെ പത്തിരട്ടിയെങ്കിലും വലിപ്പമുള്ളതാണെന്നും പ്രസിഡന്റ് ഷി ജിൻപിങ്ങിനും കമ്മ്യൂണിസ്റ്റ് അധികാരികൾക്കുമായി ഒരു ന്യൂക് പ്രൂഫ് ബങ്കർ കൂടി ഉൾപ്പെടുന്ന ഒരു മഹാ മിലിറ്ററി സങ്കേതമാണെന്നും വിശ്വസിക്കപ്പെടുന്നു.
1500 ഏക്കർ വിസ്തൃതിയിലാണ് ഇത് പണിതുകൊണ്ടിരിക്കുന്നതെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. അഞ്ച് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് കുറഞ്ഞത് നൂറ് ക്രെയിനുകളെങ്കിലും പ്രവർത്തിക്കുന്നു. മിസൈൽ ആക്രമണങ്ങളിൽനിന്ന് ചൈനയുടെ ഉന്നത സൈനികരെ സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്ത കനത്ത ഉറപ്പുള്ള ബങ്കറുകൾ നിർമ്മാണത്തിൽ ഉൾപ്പെടുന്നുവെന്ന് സൈനിക വിശകലന വിദഗ്ദ്ധർ വിശ്വസിക്കുന്നു.
ചൈന അതിന്റെ ആണവായുധശേഖരം അഭൂതപൂർവമായ തോതിൽ വിപുലീകരിക്കുകയും സൈന്യം, നാവികസേന, വ്യോമസേന എന്നിവയെ കൂടുതൽ കാര്യക്ഷമമായ ഒരു യുദ്ധയന്ത്രവുമായി സംയോജിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വികസനം. “2027 ഓടെ തായ്വാനിൽ ആക്രമണം അഴിച്ചുവിടാനും മേഖലയിലെ സംഘർഷം വർധിപ്പിക്കാനുമാണ് പീപ്പിൾസ് ലിബറേഷൻ ആർമി (പി എൽ എ) ലക്ഷ്യമിടുന്നത്” – മുൻ സി ഐ എ ചൈന അനലിസ്റ്റ് ഡെന്നിസ് വൈൽഡർ മുന്നറിയിപ്പ് നൽകുന്നു. ഇത് ചൈനയുടെ സൈനികസിദ്ധാന്തത്തിൽ അപകടകരമായ മാറ്റത്തെ അടയാളപ്പെടുത്തുമെന്ന് കരുതുന്നതായി വിദഗ്ദ്ധർ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച സൈനികശക്തിയെയും ആണവായുധശേഷിയെയും കെട്ടിപ്പടുക്കുന്നതിൽ ചൈന കാണിക്കുന്ന അത്യാവേശം ലോകരാജ്യങ്ങൾക്കെല്ലാം ഭീഷണിയാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
പദ്ധതിയെക്കുറിച്ചുള്ള ചൈനയുടെ മൗനം ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്. ഇതിനൊക്കെയും വൻ സാമ്പത്തിക ചിലവുണ്ട്. നിലവിൽ ചൈനയ്ക്ക് ട്രംപ് ഏർപ്പെടുത്തിയ നികുതിവർധന ഇതിനൊക്കെയും തടയനാണെന്നുവേണം അനുമാനിക്കാൻ.
ആഗോളസുരക്ഷയ്ക്കും ശക്തിയുടെ സന്തുലിതാവസ്ഥയ്ക്കും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ നിർമ്മാണത്തെ ലോകം സംശയത്തോടെ നോക്കിക്കാണുന്നതിൽ തെറ്റില്ലെന്നു തന്നെയാണ് തോന്നുന്നത്.