ലോസ് ആഞ്ചലസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാട്ടുതീ മൂന്നാഴ്ചത്തെ പരിശ്രമത്തിനുശേഷം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി സേനാംഗങ്ങൾ പ്രഖ്യാപിച്ചു. ജനുവരി ഏഴിന് ആരംഭിച്ച തീപിടുത്തങ്ങൾ, തെക്കൻ കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് കൗണ്ടിയിൽ വൻ നാശനഷ്ടങ്ങളോടൊപ്പം 30 പേരുടെ ജീവനെടുക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും പതിനായിരത്തിലധികം വീടുകൾ നശിക്കുകയും ചെയ്തു.
ലോസ് ആഞ്ചലസിൻ്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായി കണക്കാക്കപ്പെടുന്ന കാട്ടുതീ 150 ചതുരശ്ര കിലോമീറ്ററിലധികം അഗ്നിബാധയ്ക്കിരയാകുകയും 250-275 ബില്യൺ ഡോളറിന്റെ നാശനഷ്ടവും സാമ്പത്തികനഷ്ടവും ഉണ്ടാക്കുകയും ചെയ്തു. തീപിടിത്തത്തിൻ്റെ ചുറ്റളവ് പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് സൂചിപ്പിക്കുന്ന അപ്ഡേറ്റ് കാൽ ഫയറിൻ്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തു.
പലായനം ചെയ്യാനുള്ള ഉത്തരവുകൾ പിൻവലിച്ചതിനാൽ, താമസക്കാർ അവരുടെ വീടുകളിലേക്കു മടങ്ങാൻ തുടങ്ങി. പുനർനിർമ്മാണ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് മേയർ കാരെൻ ബാസ് പറഞ്ഞു.
തീപിടിത്തത്തിൻ്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും മനുഷ്യൻ നയിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഇത്തരം വിനാശകരമായ തീപിടുത്തങ്ങളുടെ സാധ്യത ഏകദേശം 35% വർധിപ്പിക്കുന്നു.