അയൽരാജ്യങ്ങൾ തമ്മിലുള്ള വാണിജ്യയുദ്ധത്തിന് തുടക്കം കുറിക്കുന്ന നടപടിയുടെ ഭാഗമായി യു എസിനെതിരെ പ്രതികാര താരിഫ് പ്രഖ്യാപിച്ച് കാനഡ. 25% താരിഫുകളാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിശ്ചയിച്ചത്. ഇത് 155 ബില്യൺ കനേഡിയൻ ഡോളറിന്റെ ($ 106.6 ബില്യൺ; £ 86 ബില്യൺ) ബിയറും വൈനും മുതൽ ഗാർഹിക വീട്ടുപകരണങ്ങൾ, കായികവസ്തുക്കൾ എന്നിവ വരെയുള്ള അമേരിക്കൻ ഉൽപന്നങ്ങളെ ബാധിക്കുമെന്നാണ് പ്രാഥമിക നിഗമനം.
“കനേഡിയൻ ജനതയ്ക്കുവേണ്ടി നിലകൊള്ളുന്നതിൽ താൻ പിന്നോട്ടുപോകില്ല” – ട്രൂഡോ പറഞ്ഞു. എന്നാൽ അതിർത്തിയുടെ ഇരുവശത്തുമുള്ള ആളുകൾക്ക് യഥാർഥ പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച മുതൽ 30 ബില്യൺ മൂല്യമുള്ള യു എസ് ഉൽപന്നങ്ങളുടെ താരിഫ് പ്രാബല്യത്തിൽ വരുമെന്നും 21 ദിവസത്തിനുള്ളിൽ മറ്റൊരു 125 ബില്യൺ കനേഡിയൻ കമ്പനികൾക്ക് ക്രമീകരിക്കാൻ സമയം നൽകുമെന്നും കനേഡിയൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അമേരിക്കൻ ബിയർ, വൈൻ, ബർബൺ, പഴങ്ങൾ, പഴച്ചാറുകൾ, പച്ചക്കറികൾ, സുഗന്ധദ്രവ്യങ്ങൾ, വസ്ത്രങ്ങൾ, ഷൂസുകൾ, വീട്ടുപകരണങ്ങൾ, കായികവസ്തുക്കൾ, ഫർണിച്ചറുകൾ എന്നിവയുൾപ്പെടെയുള്ള ഇനങ്ങൾ ട്രൂഡോ ലക്ഷ്യമിടുന്നു. തടിക്കും പ്ലാസ്റ്റിക്കിനും നികുതി ചുമത്തും. കൂടാതെ നിർണ്ണായക ധാതുക്കളും സംഭരണവുമായി ബന്ധപ്പെട്ട താരിഫ് ഇതര നടപടികളും പരിഗണിക്കുന്നുണ്ട്.
ഇറക്കുമതിയുടെ മൂല്യത്തിന് ആനുപാതികമായി ഒരു രാജ്യത്ത് പ്രവേശിക്കുമ്പോൾ ചരക്കുകൾക്ക് ഈടാക്കുന്ന ആഭ്യന്തരനികുതിയാണ് താരിഫ്.