കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളിൽ താരിഫ് ഏർപ്പെടുത്തുമെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഏഷ്യൻ ഓഹരികൾ കുത്തനെ ഇടിഞ്ഞു. പ്രമുഖ കമ്പനികളുടെ വരുമാനത്തെ ബാധിക്കുകയും ആഗോളവളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സാധ്യതയുള്ള വ്യാപാരയുദ്ധത്തിന് നിക്ഷേപകരും തയ്യാറെടുക്കുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കാനഡയും മെക്സിക്കോയും പ്രതികാര താരിഫുകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് പ്രസ്താവിച്ചതിനൊടൊപ്പം ചൈന ‘അനുയോജ്യമായ പ്രതിരോധ നടപടികൾ’ വാഗ്ദാനം ചെയ്യുകയും ലോക വ്യാപാരസംഘടനയിൽ ട്രംപിന്റെ നീക്കത്തെ ചോദ്യം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അതേസമയം, യു എസിലേക്കുള്ള അനധികൃത മയക്കുമരുന്ന് പ്രവാഹവും കുടിയേറ്റവും തടയാൻ താരിഫ് അനിവാര്യമാണെന്ന് ട്രംപ് പറഞ്ഞു.
നിക്ഷേപകരുടെ മറ്റൊരു ആശങ്ക ട്രംപിന്റെ താരിഫ് ഹിറ്റ് ലിസ്റ്റിൽ അടുത്തതായി ഏതൊക്കെ രാജ്യങ്ങൾ ഉണ്ടാകും എന്നതാണ്.