നിയമവിരുദ്ധമായ സംഘടനകളുടെ സ്വാധീനത്തിൽ ഹെയ്തിയിലെ വിദ്യാഭ്യാസമേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നു. ഒക്ടോബറിൽ രാജ്യത്തെ 919 സ്കൂളുകൾ അടച്ചിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ അധികാരികൾക്ക് രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ഗുണ്ടാസംഘങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ നിരവധി സ്കൂളുകളിൽ കുട്ടികൾക്ക് പോകാൻകഴിയാത്ത സാഹചര്യമാണ്. അതിനാൽ ഇത്തരം നിയമവിരുദ്ധ സംഘടനകളുടെ ‘മെച്ചപ്പെട്ട ജീവിതസാഹചര്യത്തിൽ’ ആകൃഷ്ടരായി കുട്ടികൾ അത്തരം സംഘങ്ങളിൽ ചേരുകയും ചെയ്യുന്നു.
2024 മെയ് മാസത്തിൽ ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകൾപ്രകാരം, സായുധസംഘങ്ങളിലെ 30 മുതൽ 50% വരെയുള്ള അംഗങ്ങൾ ആക്രമണങ്ങൾ മൂലം ഉണ്ടാകുന്ന നിരന്തര സാമൂഹിക-സാമ്പത്തിക ദുർബലതയിൽ കഴിയുന്നവരും ദുരുപയോഗങ്ങൾക്കും ചൂഷണത്തിനും വിധേയരായ കുട്ടികളുമാണെന്ന് വ്യക്തമാക്കുന്നു.
നിയമവിരുദ്ധ സംഘടനകളിൽനിന്നും കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മറ്റു സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. “തീർച്ചയായും ഭക്ഷ്യസുരക്ഷ ഒരു വലിയ ആശങ്കയാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് സ്കൂളുകളിൽ ഭക്ഷണം ഉറപ്പാക്കുന്നതിലൂടെ നിരവധി കുട്ടികളെ സ്കൂളുകളിൽ എത്തിക്കാൻ സാധിക്കുന്നു. അല്ലെങ്കിൽ അവർ ഗുണ്ടാസംഘങ്ങളുടെ ഭാഗമായി മാറാനുള്ള സാധ്യത കൂടുതലാണ്” – സ്കൂളുകളിൽ ഭക്ഷണമെത്തിക്കുന്ന സംഘടനയായ മേരീസ് മീൽസ് ഡയറക്ടർ ഓഫ് പ്രോഗ്രാം അഫിലിയേറ്റ്സ് & പാർട്ണേഴ്സ് അലക്സ് കീ പറഞ്ഞു.